യുഎഇയിൽ ഫര്‍ണിച്ചര്‍ ഷോപ്പിന് തീപിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു

dxbയുഎഇയിലെ ഫുജൈറക്കടുത്ത് കല്‍ബയില്‍ ഫര്‍ണിച്ചര്‍ ഗോഡൌണിന് തീപിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. പുത്തനത്താണി സ്വദേശി കൈതക്കല്‍ ഹുസൈന്‍, തിരൂര്‍ സ്വദേശി ഷിഹാബുദ്ദീന്‍, വളാഞ്ചേരി സ്വദേശി മണി എന്ന നിസാമുദ്ദീന്‍ എന്നിവരാണ് മരിച്ചത്.രാവിലെ എട്ടരയോടെയായിരുന്നു ദുരന്തം. ഫുജൈറയില്‍നിന്ന് ഏഴു കിലോമീറ്റര്‍ അകലെ കല്‍ബ വ്യവസായ മേഖലയില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള അല്‍വഹ്ദ ഫര്‍ണിച്ചര്‍ ഗോഡൌണിനാണ് തീപിടിച്ചത്. ഇതിനകത്ത് അഞ്ചു മുറികളിലായി താമസിച്ചിരുന്ന 11 ജീവനക്കാരില്‍ മൂന്നു പേരാണ് മരിച്ചത്. ബാക്കിയുള്ളവര്‍ മുറിയിലെ എസി ഇളക്കി മാറ്റി അതുവഴി രക്ഷപ്പെടുകയായിരുന്നു. ശക്തമായ കാറ്റില്‍ ആളിപ്പടര്‍ന്ന തീയില്‍ ഫര്‍ണിച്ചറും അനുബന്ധ ഉല്‍പന്നങ്ങളുമെല്ലാം കത്തിച്ചാമ്പലായി.അവധി ദിവസമായതിനാല്‍ എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. മേല്‍ക്കൂര ശക്തമായി ഇളകുകയും ചൂട് അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് ഞെട്ടിയുണര്‍ന്നപ്പോഴാണ് തീയുംപുകയും കണ്ടതെന്ന് രക്ഷപ്പെട്ട തിരുനാവായ സ്വദേശിയും സെയില്‍സ്മാനുമായ നൂറുദ്ദീന്‍ പറഞ്ഞു. ഇതോടെ ഉടന്‍ വാതിലടച്ച് എസി ഇളക്കി മാറ്റി അതുവഴിയാണ് പുറത്തേക്ക് ചാടുകയായിരുന്നു.മരിച്ച മൂന്നു പേരും താമസിച്ച മുറിയുടെ എസിയില്‍ ഏറെ നേരം തട്ടി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇവരുടെ മുറിയിലേക്ക് തീയും പുകയും പടര്‍ന്നതാകാം മരണത്തിലേക്ക് നയിച്ചതെന്നാണ് അനുമാനം. പണം, പാസ്പോര്‍ട്ട്, ഐഡി കാര്‍ഡ് അടക്കം എല്ലാം ചാരമായി മാറി.