1850 തടവുകാരെ വിട്ടയക്കാനുള്ള സംസ്ഥാനസർക്കാരിന്റെ തീരുമാനം ഗവർണർ തടഞ്ഞു

sathasivam_650x400_814509423011850 തടവുകാരെ വിട്ടയക്കാനുള്ള സംസ്ഥാനസർക്കാരിന്റെ തീരുമാനം ഗവർണർ തടഞ്ഞു. സുപ്രീംകോടതി വിധിപ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് നിർദേശിച്ച് ഫയൽ സർക്കാരിന് മടക്കി. മാനഭംഗം, ലഹരിമരുന്ന് കേസുകളിൽ ശിക്ഷിക്കപ്പെട്ടവരടക്കം വിട്ടയക്കാനുള്ളവരുടെ പട്ടികയിലുണ്ട്.

വിവിധ കേസുകളിൽ തടവുശിക്ഷ അനുഭവിക്കുന്ന 1850 പേരെ വിട്ടയക്കാനുള്ള തീരുമാനമടങ്ങുന്ന ഫയലായിരുന്നു സർക്കാർ കഴിഞ്ഞമാസം ഗവർണർ ജസ്റ്റിസ് പി.സദാശിവത്തിന്റെ അംഗീകാരത്തിനായി സമർപ്പിച്ചത്. ഉന്നതതലസമിതിയുടെ ശുപാർശ പരിഗണിച്ച് ആഭ്യന്തരവകുപ്പാണ് വിട്ടയക്കേണ്ട തടവുകാരുടെ പട്ടിക തയ്യാറാക്കിയത്. എന്നാൽ ഫയൽ ഗവർണർക്ക് അയക്കുന്നതി് മുമ്പ് നിയമസെക്രട്ടറി കണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

മുമ്പില്ലാത്തവിധം ഇത്രയേറെ തടവുകാരെ വിട്ടയക്കാനുള്ള തീരുമാനമടങ്ങിയഫയലിൽ ഗവർണർ രണ്ടാഴ്ചയോളം ഒപ്പുവച്ചില്ല. മാനഭംഗം, ലഹരിമരുന്ന് കേസ് എന്നിവയടക്കം ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നതും ഇതിന് കാരണമായി. സി.പി.എം ബന്ധമുള്ള തടവുകാരും പട്ടികയിലുണ്ടെന്നാണ് സൂചന. സുപ്രീംകോടതി ഉത്തരവ് പ്രകാരം ഓരോ കേസും പ്രത്യേകമായി പരിഗണിച്ച് വിശദമായി പരിശോധിച്ചേ തടവുകാരനെ വിട്ടയക്കാൻ സർക്കാരിന് തീരുമാനിക്കാനാകൂ.

ശിക്ഷാകാലയളവിൽ തടവുകാരനുണ്ടായ മനഃപരിവർത്തനം, നല്ലനടപ്പ് തുടങ്ങിയ ഒട്ടേറെഘടകങ്ങൾ പരിഗണിക്കണം. ഇക്കാര്യങ്ങൾ പരിഗണിച്ചാണോ ഇത്ര വിപുലമായ പട്ടിക തയ്യാറാക്കിയത് എന്ന സംശയത്തെ തുടർന്നാണ് സുപ്രീംകോടതി മുൻചീഫ് ജസ്റ്റിസ് കൂടിയായ ഗവർണർ സർക്കാരിനോട് വിശദീകരണം തേടിയത്. ഇക്കാര്യങ്ങളിൽ വ്യക്തത വേണം എന്ന കുറിപ്പോടെ വ്യാഴാഴ്ച ഗവർണറുടെ ഓഫിസ് ഫയൽ മടക്കി. എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതുസംബന്ധിച്ച് ഇതുവരെ വിശദീകരണമൊന്നും വന്നിട്ടില്ല.