നിർമാണ മേഖലയിലെ വളർച്ചയിൽ ഖത്തർ ഒന്നാം സ്‌ഥാനത്തേക്ക്‌

ദോഹ∙ അടുത്ത അഞ്ചുവർഷത്തിനുള്ളിൽ നിർമാണമേഖല ആഗോളതലത്തിൽ ഏറ്റവുമധികം വളർച്ചനേടുന്നത്‌ ഖത്തറിലായിരിക്കുമെന്നു രാജ്യാന്തര ഗവേഷണ സ്‌ഥാപനമായ ബിഎംഐ. ഫിഫ ലോകകപ്പ്‌ ഫുട്‌ബോൾ മൽസരങ്ങളോടനുബന്ധിച്ചുള്ള അടിസ്‌ഥാനസൗകര്യ വികസന പദ്ധതികളാണ്‌ ഖത്തറിന്‌ വൻവളർച്ച നേടിക്കൊടുക്കുക. 2017-21 വർഷങ്ങളിൽ 12.1% വളർച്ചയാണ്‌ ഖത്തറിലെ നിർമാണമേഖല കൈവരിക്കുകയെന്നും ബിഎംഐ റിപ്പോർട്ടിൽ പറയുന്നു.

വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടനിർമാണം, ഗതാഗത മേഖലകളിലാവും അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഖത്തറിലേക്ക്‌ ഏറ്റവും കൂടുതൽ നിക്ഷേപമെത്തുക. ഈവർഷം സർക്കാർ ചെലവിടുക 19,840 കോടി റിയാലാണ്‌. ഇതിൽ 47% സ്‌റ്റേഡിയങ്ങൾ, മറ്റു കായിക സൗകര്യങ്ങൾ എന്നിവ ഒരുക്കുന്നതിനാണ്‌ ചെലവിടുക. ബജറ്റ്‌ വിഹിതത്തിന്റെ 21% ആണ്‌ ഗതാഗതമേഖലയിൽ ചെലവഴിക്കുക. കൂടുതൽ സന്ദർശകരെ ഖത്തറിലേക്ക്‌ ആകർഷിക്കുന്നതിനായാണ്‌ ഗതാഗത രംഗത്ത്‌ കൂടുതൽ പണം മുടക്കുന്നത്‌.

ഫിഫ 2022 പദ്ധതികളിലേക്ക്‌ ഒട്ടേറെ ടെൻഡറുകൾ ക്ഷണിക്കുമെന്നതിനാൽ രാജ്യാന്തര നിക്ഷേപകർക്ക്‌ ഖത്തറിൽ വലിയ സാധ്യതയാണ്‌ തുറന്നുകിട്ടുകയെന്നും ബിഎംഐ വിലയിരുത്തുന്നു. സർക്കാരിന്റെ പ്രതീക്ഷിത വരുമാനം 17,010 കോടി റിയാലാണ്‌. പ്രതീക്ഷിത ബജറ്റ്‌ കമ്മി 2,830 കോടി റിയാലാണ്‌. ബജറ്റ്‌ കമ്മി നികത്താൻ സർക്കാർ രാജ്യാന്തര ധനകാര്യസ്‌ഥാപനങ്ങളിൽ നിന്ന്‌ കടമെടുക്കേണ്ടിവരുമെന്നും ബിഎംഐ ചൂണ്ടിക്കാട്ടുന്നു. ഖത്തർ കഴിഞ്ഞാൽ അടുത്ത അഞ്ചുവർഷത്തിനകം നിർമാണമേഖലയിൽ വളർച്ച കൈവരിക്കുന്ന രാജ്യങ്ങൾ മ്യാൻമർ, ഇത്യോപ്യ, പാക്കിസ്‌ഥാൻ, ഫിലിപ്പീൻസ്‌ എന്നിവയാകുമെന്നും ബിഎംഐ പറയുന്നു.