സംസ്കാരം ശുദ്ധമല്ല: പി.ശ്രീരാമകൃഷ്ണൻ

കുവൈത്തിൽ ‘കല’യുടെ ‘മയൂഖം-2017’ കേരള നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. വി.കെ.ശ്രീരാമൻ, ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി സിബി യു‌എസ് തുടങ്ങിയവർ സമീപം.

കുവൈത്ത് സിറ്റി ∙ ശുദ്ധമായ ഒന്ന് എന്നതു സംസ്കാരത്തിൽ ഇല്ലെന്നു കേരള നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. സംസ്കാരത്തിന്റെ ശുദ്ധത എന്ന പേരിൽ ഇന്ത്യയിൽ ചിലർ പ്രശ്നങ്ങളുണ്ടാക്കാനാണു ശ്രമിക്കുന്നതെന്ന് കേരള ആർട്ട് ലവേഴ്സ് അസോസിയേഷന്റെ സാംസ്കാരിക പരിപാടിയായ ‘മയൂഖം-2017’ ഉദ്ഘാടനം ചെയ്‌ത് അദ്ദേഹം പറഞ്ഞു.

പല അനുഭവങ്ങളുടെയും ആകെത്തുകയാണ് ഇന്ത്യ. സംസ്കാരത്തിന്റെ സമ്പന്ന സരണിയിൽ പല വിധത്തിലുമുള്ള ആശയങ്ങൾ ഒഴുകിയെത്തിയിട്ടുണ്ട്. അതിൽ ഒന്നു മാത്രമാണു ശരിയെന്നു വരുത്തിത്തീർക്കാനുള്ള ശ്രമമാണു നടക്കുന്നത്. പാരമ്പര്യം എന്നതിനെ അഭയകേന്ദ്രമായല്ല കാണേണ്ടത്. പാരമ്പര്യമെന്നത് ഒരുതരം ആയുധപ്പുരയാണ്. അറിവും ഒരുമയും സഹിഷ്ണുതയുമൊക്കെ അവിടെയുണ്ട്. അത് ഉപയോഗിക്കാനുള്ള കരുത്താണു നാം കാണിക്കേണ്ടതെന്നും സ്പീക്കർ പറഞ്ഞു.

സംസ്കാരം എന്നതിന്റെ വ്യാഖ്യാനം ഇപ്പോൾ ആനയെ കണ്ട അന്ധന്റേതുപോലെ ആയിട്ടുണ്ട്. സാംസ്കാരിക സമ്മേളനങ്ങളിലും മറ്റും വെട്ടിയൊട്ടിച്ച ചിത്രങ്ങളുടെ കൊളാഷ് പോലെയാണു സംസ്കാരം വർണിക്കപ്പെടുന്നത്. എന്നാൽ, ഇന്നുവരെ ആർജിച്ച അറിവിന്റെയും വിവരത്തിന്റെയുമൊക്കെ പേരാണു സംസ്കാരം എന്ന തിരിച്ചറിവുണ്ടാകണം.

പഴയതിനെക്കുറിച്ച് ആത്മപ്രശംസയല്ല, മറിച്ച്, കടന്നുവന്ന വഴികളെക്കുറിച്ച് ഓർമയോടെ മുന്നോട്ടു പോവുകയാണു വേണ്ടത്. അതിനു സാധിച്ചില്ലെങ്കിൽ സാംസ്കാരികമായ മറവിരോഗം ബാധിക്കും. ഉപഭോഗ സംസ്കാരത്തിന്റെ പിടിയിൽനിന്നു മനുഷ്യനെ രക്ഷിക്കാൻ ശക്തമായ പ്രതിരോധനീക്കം വേണമെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു. ‘കല’ പ്രസിഡന്റ് സുഗതകുമാർ അധ്യക്ഷത വഹിച്ചു. മലയാള ഭാഷാപഠന പദ്ധതി നടൻ വി.കെ.ശ്രീരാമൻ ഉദ്ഘാടനം ചെയ്‌തു. ആർ.രമേശ് സ്മാ‍രക അവാർഡ് ഇ.എം.കബീറിന് (സൗദി) സ്പീക്കർ സമ്മാനിച്ചു.

പ്രവാസി ക്ഷേമനിധി ബോർഡ് അംഗം എൻ.അജിത് കുമാറിനു ജെ.ആൽബർട്ട് ഉപഹാരം നൽകി. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി സിബി യു‌എസ്, സജി ജനാർദനൻ, പ്രസീത് കരുണാകരൻ, സജീവ് എം.ജോർജ്, കെ.വി.നിസാർ, ബി‌ഇസി കൺ‌ട്രി ഹെഡ് മാത്യൂസ് വർഗീസ്, ജോൺ മാത്യു, ഇക്ബാൽ കുട്ടമംഗലം, ശാന്ത ആർ.നായർ, അൽ‌വിൻ ഹന്ന സജി, അനിൽകുമാർ, സാം പൈനും‌മൂട് എന്നിവർ പ്രസംഗിച്ചു. സുവനീർ പ്രകാശനം, ബാ‍ലകലാമേള വിജയികൾക്കു സമ്മാനദാനം, കല ഫിലിം സൊസൈറ്റി ലോഗോ പ്രകാശനം, കൈത്തിരി മാസിക പ്രകാശനം എന്നിവയും കലാപരിപാടികളും നടത്തി.