ഷാർജ : റോഡപകടത്തില്‍ ഗുരുതര പരുക്കേറ്റ് ദൈദ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന ഇന്ത്യക്കാരന് മലയാളി സാമൂഹിക പ്രവർത്തകർ തുണയായി. ദൈദിൽ വെൽഡറായി ജോലി ചെയ്യുകയായിരുന്ന ഉത്തർപ്രദേശ് ബറേലി സ്വദേശി ഇസ്രാർ ഇഖ്റമുദ്ദീനാ(23)ണ് ദുബായിലെ സാമൂഹിക പ്രവർത്തകരും പിആർഒ അസോസിയേഷൻ ഭാരവാഹികളുമായ നന്ദി നാസർ, സലീം ഇട്ടമ്മൽ, മോയിൻ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സിഎസ്ആർ ഇനീഷ്യേറ്റീവ് മാനേജർ കെ.എസ്.ഹംസ എന്നിവർ സഹായുമെത്തിയത്. ഇവരുടെ ശ്രമഫലമായി ഇൗ യുവാവിന് നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയായി വരുന്നു.
മൂന്ന് മാസം മുൻപാണ് ഇസ്രാറിനെ റോഡരികിലൂടെ നടന്നുപോകുമ്പോൾ വാഹനമിടിച്ചത്. തലയ്ക്ക് ഗുരുതര പരുക്കേറ്റ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ ജീവൻ രക്ഷിക്കാൻ സാധിച്ചു. എന്നാൽ, ഇസ്രാറിന് ഇതുവരെ ബോധം തിരിച്ചുകിട്ടിയിട്ടില്ല. ഇയാളുടെ ബന്ധുക്കളോ, സുഹൃത്തുക്കളോ എത്താത്തതിനെ തുടർന്ന് ആശുപത്രി ജീവനക്കാർ പിആർഒ അസോസിയേഷൻ മുഖ്യ രക്ഷാധികാരി നന്ദി നാസറിനെ വിവരം അറിയിക്കുകയായിരുന്നു.
ഇദ്ദേഹം അസോസിയേഷൻ പ്രസിഡൻ്റ് സലീം ഇട്ടമ്മൽ, ജോയിൻ്റ് സെക്രട്ടറി മോയിൻ എന്നിവരോടൊപ്പം മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സിഎസ്ആർ ഇനീഷ്യേറ്റീവ് മാനേജർ കെ.എസ്.ഹംസയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ ഇസ്രാറിനെ സന്ദർശിച്ചു. യുവാവിൻ്റെ കൈവശമുണ്ടായിരുന്ന എമിറേറ്റ്സ് എെഡിയിലെ പ്രകാരം ഇയാൾ ജോലി ചെയ്തിരുന്ന കമ്പനിയുമായി ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ, അങ്ങനെയൊരു കമ്പനി നിലവിൽ പ്രവർത്തിക്കുന്നില്ല എന്ന വിവരമാണ് ലഭിച്ചത്. ഇയാളെ തേടി ഇതുവരെ ബന്ധുക്കളോ സുഹൃത്തുക്കളോ എത്തിയിട്ടില്ല.
ദയനീയ അവസ്ഥയിൽ കഴിയുന്ന യുവാവിനെ അടിയന്തരമായി നാട്ടിൽ കൊണ്ടുപോയി ചികിത്സ നൽകണമെന്നും കോൺസുലേറ്റിൻ്റെ സഹായം കൂടി ലഭിച്ചാൽ അതിന് സാധിക്കുമെന്നും നന്ദി നാസർ പറഞ്ഞു.