കുപ്രചരണങ്ങൾ തള്ളി ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയർ – 2017 ഒരു വൻ വിജയമാക്കണം – ഭരണസമിതി

ബഹ്‌റൈൻ : ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറിന്റെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി അതിന്റെ വിജയകരമായ നടത്തിപിന്നെ  കുറിച്ച് ആലോചിക്കുന്നതിന്ന് സ്‌കൂൾ രക്ഷിതാക്കളുടെയും അഭ്യുദയ കാംഷികളുടെയും ഒരു യോഗം കഴിഞ്ഞദിവസം സ്‌കൂളിൽ ഔദ്യോഗികമായി മാനേജ്‌മെന്റ് വിളിച്ച് ചേർക്കുകയുണ്ടായി. ഈ യോഗത്തിൽ പങ്കെടുത്ത എല്ലാ അഭ്യുദയകാംഷികളോടും രക്ഷിതാക്കളോടും നന്ദി രേഖപെടുത്തുന്നതായി ഭരണസമിതിക്ക് വേണ്ടി ചെയർമാൻ ശ്രീ. പ്രിൻസ് നടരാജൻ  അറിയിച്ചു.

ഈ യോഗത്തെ സംബന്ധിച്ച് സമൂഹത്തിൽ വളരെ തെറ്റ് ധാരണ പടർത്തുന്ന വിധത്തിലും പങ്കെടുത്തയാളുകളെയും , ഫെയറിനോട് സഹകരിക്കുന്ന വരെയും അപമാനിക്കുന്ന തരത്തിലും രക്ഷിതാക്കൾ എന്ന് അവകാശപ്പെട്ട് ഒരു വിഭാഗം നടത്തുന്ന പ്രചരണങ്ങൾ  തീർത്തും  അപലപനീയവും, നിരുത്തരവാദപരവും സ്കൂളിന്റ ഉത്തമതാൽപര്യത്തെ ഹനിക്കുന്നത്മാണെന്ന് സ്‌കൂൾ അധികൃതർ അഭിപ്രായപ്പെട്ടു . ഇത്തരം നടപടികൾ,  സ്‌കൂളിനെതിരെ സമൂഹത്തിൽ തെറ്റിധാരണ  പരത്തുന്ന തരത്തിൽ അനാവശ്യമായ പ്രസ്‌താവനകൾ നൽകുവാൻ പാടില്യ എന്ന ഇക്കഴിഞ്ഞ  ജനറൽ ബോഡിയുടെ തീരുമാനത്തിന്റെ ലംഘനമാണ്. സ്‌കൂൾഫെയർ ഏതെങ്കിലും ഒരുഗ്രൂപ്പ്പിന്റെ താല്പര്യത്തിനുള്ളതല്ല. മറിച്ച് ഒരു കമ്യൂണിറ്റി സ്‌കൂൾ എന്ന നിലക്ക് അശരണരായ വിദ്യാർത്ഥികളെ സഹായിക്കുന്നതിനുള്ള ബാദ്ധ്യത നിർവഹിക്കുന്നതിനും അധ്യാപകരും, അനധ്യാപകരും അടക്കമുള്ള സ്‌കൂൾ ജീവനക്കാരുടെ ക്ഷേമത്തിനും വേണ്ടിനടത്തുന്ന പരിപാടിയാണ്. കഴിഞ്ഞ വർഷത്തെ മെഗാ ഫെയർ സ്‌കൂൾ ചരിത്രത്തിലെ ഏറ്റവും അധികം ഫണ്ട് സമാഹരിച്ചു എന്ന് മാത്രമല്ല കേവലം 2000/-ദിനാറിൽ താഴെയുള്ള പണമാണ് പിരിഞ്ഞു കിട്ടുവാനുള്ളത്. ആയതിന്റെ പ്രീ ആഡിറ്റഡ്  അകൗണ്ട്  കഴിഞ്ഞ ജനറൽ ബോഡിയിൽ അവതരിപ്പിക്കുകയും പങ്കെടുത്ത അംഗംങ്ങൾ മുഴുവൻ ഹർഷാരവത്തോടെ അംഗീകരിച്ചതുമാണ്. ഇപ്പോൾ ആഡിറ്റഡ് അകൗണ്ട് സ്‌കൂളിൽ ഉണ്ട് എന്നിരിക്കെ തീർത്തും നിരുത്തരവാദിത്വപരമായി നടക്കുവാൻ  പോകുന്ന ഫെയറിനെ അടക്കം പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി നടത്തുന്ന പ്രചാരണങ്ങളെ രക്ഷിതാക്കൾ തിരിച്ചറിയണം. കഴിഞ്ഞ രണ്ടര വർഷമായി നിരവധിയായ രക്ഷിതാക്കളുടെയും, അഭ്യുദയകാംഷികളുടെയും  സഹകരണത്തോടെ വിദ്യാർത്ഥി സമൂഹത്തിന്റെയും ഉന്നമനത്തെ  ലക്ഷ്യമാക്കിയും സ്‌കൂളിന്റെ തന്നെ  നിലവാരത്തെ ഉയർത്തുക എന്ന കാഴ്ച്ചപ്പാടിന്റെ അടിസ്ഥാനത്തിൽ നടന്ന് വരുന്ന ഒരു പ്രവർത്തനത്തിലും സഹകരിക്കാതിരുന്ന ഇക്കൂട്ടർ ഇപ്പോൾ ഫെയറിന്റെ യോഗത്തിൽ പങ്കെടുക്കുവാൻ തീരുമാനിച്ചതിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ യോഗംതുടങ്ങി ഏതാനും മിനിറ്റുകൾക്കകം അവിടെനിന്നും ഇറങ്ങിപ്പോയി യോഗത്തിൽ പങ്കെടുത്തവരെ മുഴുവൻ കച്ചവട താൽപര്യക്കാർ എന്ന് വിളിച്ചു അപമാനിക്കുന്നത്  തീർത്തും അപലപനീയമാണ്. എന്ത് കച്ചവട താല്പര്യമാണ് അവിടെ നടന്നത് ഈ  ആരോപണം ഉന്നയിച്ചവർ വ്യക്തമാക്കണം. ഈ യോഗത്തിൽ ചില രക്ഷിതാക്കൾ കുടുംബ സമേതമാണ്  പങ്കെടുത്തത് എന്നതും ശ്രദ്ധേയമാണ് .  പ്രവാസി സമൂഹത്തിൽ പലതരം വ്യവസായവും ജോലിയും ചെയ്‌തു ജീവിക്കുന്നവരാണ് എല്ലാവരും. അവരുടെ കുട്ടികൾ സ്‌കൂളിൽ ഇപ്പോൾ പഠിക്കുന്നവരോ, ചിലപ്പോൾ മുൻപ് പഠിച്ചവരോ ആയിരിക്കാം, ചിലപ്പോൾ അവർത ന്നെ അവിടെ പഠിച്ചവരായിരിക്കാം. ഒരു കമ്യൂണിറ്റി സ്‌കൂൾ എന്ന നിലക്ക്   സ്‌കൂളിന്റെ ഉന്നമനത്തെ ലക്ഷ്യമാക്കി നടത്തുന്ന ഫെയർ പോലെയുള്ള  പരിപാടികളിൽ  മുഴുവൻ പ്രവാസി സ്മൂഹത്തിന്റെയും സഹായം ആവശ്യമാണ്.  ഈ ഭരണസമിതി അധികാരത്തിൽ വന്നതിന് ശേഷം ഒരു കച്ചവട താല്പര്യക്കാരുടെയും ദുരുദ്ദേശത്തോടുകൂടിയുള്ള ഒരു പ്രവർത്തനത്തിനും സ്‌കൂളിനെ ഉപയോഗിക്കാൻ അനുവദിച്ചിട്ടില്ല. അതുകൊണ്ട് തന്നെയാണ് പലസ്ഥാപിത താല്പര്യക്കാരും ഇത്തരം ദുർപ്രചനങ്ങളുമായി ഇറങ്ങിത്തിരിച്ചിട്ടുള്ളത്.

ഫെയറിനെ സംബന്ധിച്ചുള്ള ഇതുവരെയുള്ള എല്ലാ പ്രവർത്തനങ്ങളും വിശദമായി മീറ്റിങ്ങിൽ സംസാരിച്ച  ചെയർമാനും, സെക്രട്ടറിയും ഉൾപ്പെടെയുള്ള എക്സിക്യൂട്ടീവ് അംഗങ്ങളും, പ്രിസിപ്പൽമാരും,ഫെയർ ജനറൽ കൺവീനറും യോഗത്തെ ധരിപ്പിച്ചതിനൊപ്പം  സ്പോൺസർഷിപ്പിനുള്ള ഫോം നൽകുകയും എല്ലാപേരുടെയും സഹകരണം അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.

ഇപ്പോൾ ഫെയറുമായോ മറ്റ് സ്‌കൂൾ പരിപാടികളുമായിയോ ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപെടുന്നവർക്ക്   ഒറ്റ ലക്ഷ്യമേയുള്ളു.അത് സ്‌കൂളിന്റെ പൊതുവായ  നന്മയും അക്കാഡമിക് ഉന്നമനവും അതോടപ്പം അശരണരെ തങ്ങളാൽ  ആവും വിധം സഹായിക്കുക എന്നുള്ളതുമാണ്. അവരെ ആകമാനം’കച്ചവടതാൽപര്യക്കാർ’ എന്ന് വിളിച്ചു അപമാനിച്ചത് ഒരിക്കലും നല്ല ഉദ്ദേശത്തോട് കൂടിയല്ല.

അതോടൊപ്പം ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളെ സഹായിക്കുക എന്നത് ഏതു സമൂഹത്തിന്റെ ഉത്തവാദിത്വമാണ്. നിരവധിയായ രക്ഷിതാക്കളാണ് ഈ ആവശ്യവുമായി ഭരണസമിതിയെ സമീപിച്ചത്. അതുകൊണ്ട്  ഭിന്ന ശേഷിയുള്ള കുഞ്ഞുങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തിന്റെ ആദ്യപടിയായി അവർക്ക് വേണ്ടി ക്‌ളാസ് തുടങ്ങുന്നതിന് വിദ്യാഭ്യാസ\മന്ത്രാലയത്തെ സമീപിച്ചത്. വിദ്യാഭ്യാസ മന്ത്രാലയം അതിന്റെ അംഗീകാരത്തിനാവശ്യമായ പ്രവർത്തനങ്ങളുടെ പരിശോധനകൾ ഇപ്പോൾ ആരംഭിക്കുകയും   ചെയ്തു. എന്നാൽ ഇത്തരം സാമൂഹിക ഉത്തരവാദിത്വത്തോടെയുള്ള പ്രവർത്തനങ്ങളെപോലും വികലമായി ച്ത്രീകരിക്കുന്നവരെയും, ദുർപ്രചരണം നടത്തുന്നവരെയും എങ്ങനെകാണണമെന്ന് സമൂഹം ചിന്തിക്കണം.

 

ഇതെല്ലാംതന്നെ കഴിഞ്ഞ ജനറൽ ബോഡിയോഗത്തിൽ അവതരിപ്പിക്കുകയും ചെയ്തതാണ്. ജനറൽ ബോഡി യോഗത്തിൽ അനാവശ്യ ആവശ്യങ്ങൾ ഉന്നയിച്ചു ബഹളം ഉണ്ടാക്കുന്നവർ സ്‌കൂളിന്റെ  ഗുണപരമായ പ്രവർത്തനത്തിന് നിധാനമാകുന്ന ക്രിയാത്മ ചർച്ചകളിൽ ഒന്നും ഭാഗവക്കവാതെ മാറി നിൽക്കുകയോ ആ സമയത്ത് അവിടെ നിന്നും പോകുകയോ ആണ് ചെയ്തുവരുന്നത്. അതുകൊണ്ടാണ് അവിടെ നടക്കുന്ന കാര്യങ്ങൾ പലതും ഇവർ അറിയാതെ പോകുന്നത്. സ്‌കൂൾ  ഫെയർ അടക്കമുള്ള എല്ലാപരിപാടികളും സ്‌കൂളിന്റെ ഉന്നമനത്തെ ലക്ഷ്യമാക്കിയുള്ളതാണ്, സ്‌കൂളിന്റെ ഉത്തമ താല്പര്യങ്ങൾക്ക്  എതിരായി ഇത്തരം ദുർപ്രചരണം നടത്തുന്നവരെ സമൂഹത്തിൽ നിന്നും

ഒറ്റപെടുത്തണമെന്നും ഇതുപോലുള്ള അനഭിലഷണീയ മായ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ കഴിഞ്ഞ ജനറൽ ബോഡി തീരുമാനപ്രകാരമുള്ള നിയമനടപടി സ്വീകരിക്കുന്നതിനെ സംബന്ധിച്ച്  ആലോചിക്കാൻ മാനേജ്‌മെന്റ് നിർബന്ധിതരാകുമെന്നും സ്‌കൂൾ അധികൃതർ  അറിയിച്ചു .

തീരെ വിലകുറഞ്ഞ ഇത്തരം കുപ്രചരണങ്ങൾ തള്ളി ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയർ – 2017 ഒരു വൻ വിജയമാക്കുവാൻ എല്ലാ പേരുടെയും നിസ്സ്വാർത്ഥമായ സഹകരണം ഉണ്ടാവണമെന്ന് ഭരണസമിതി അഭ്യർത്ഥിച്ചു.