മുങ്ങുന്ന കപ്പലില്‍ നിന്ന് അതിസാഹസികമായി രക്ഷപ്പെടുത്തിയ മീന്‍പിടുത്തക്കാരനെ രാജ്യം ആദരിച്ചു

മസ്‌ക്കറ്റ്: കടലില്‍ മുങ്ങിക്കൊണ്ടിരുന്ന കപ്പലില്‍ നിന്ന് ഇരുപത് തൊഴിലാളികളെ അതിസാഹസികമായി രക്ഷപ്പെടുത്തിയ മീന്‍പിടുത്ത തൊഴിലാളിക്ക് ഒമാന്‍ ആദരം അര്‍പ്പിച്ചു. ഫായിസ് അല്‍ ജുനൈബി എന്ന മീന്‍പിടുത്ത തൊഴിലാളിയാണ് മുങ്ങിക്കൊണ്ടിരുന്ന കപ്പലില്‍ നിന്ന് ആളുകളെ രക്ഷപ്പെടുത്തിയത്.ഗതാഗതമന്ത്രി ഡോ.അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ സാലിം അല്‍ ഫുതൈസിയാണ് ഇദ്ദേഹത്തിന് ഉപഹാരം സമര്‍പ്പിച്ചത്. ഷാര്‍ജയില്‍ നിന്ന് പുറപ്പെട്ട താന്‍സാനിയന്‍ ചരക്ക് കപ്പല്‍ കഴിഞ്ഞ ശനിയാഴ്ചയാണ് ദുകമിലെ ജാസിര്‍ വിലായത്തില്‍ അല്‍ ലബ്കി കടല്‍ത്തീരത്തോട് ചേര്‍ന്ന ഒമാന്‍ കടലില്‍ മുങ്ങിയത്.നേരത്തെയും ജുനൈബി ഇത്തരത്തില്‍ അതിസാഹസികമായി പലരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഇദ്ദേഹം രക്ഷിച്ചവരും നേരിട്ടെത്തി ഈ വേളയില്‍ ജുനൈബിയെ അഭിനന്ദിച്ചു. രാജ്യാന്തര മാധ്യമങ്ങളില്‍ വരെ ഇദ്ദേഹത്തിന്റെ വാര്‍ത്ത നിറഞ്ഞിരുന്നു. കപ്പല്‍ മുങ്ങുന്നത് കണ്ട ജുനൈബി തന്നെയാണ് അധികൃതരെ വിവരമറിയിച്ചത്. അധികൃതരെത്തുന്നതിന് മുമ്പ് കപ്പലിനടുത്തെത്തി മീന്‍പിടുത്ത ബോട്ടിലേക്ക് കപ്പലിലുണ്ടായിരുന്നവരെ മാറ്റി.