വിദേശികൾക്ക് ഒമാൻ പൗരത്വം നേടാൻ: അറിയേണ്ട കാര്യങൾ

മസ്ക്കറ്റ്: ഒമാനിൽ താമസിക്കുന്ന വിദേശികൾക്ക് ഒമാൻ പൗരത്വവും പാസ്പോർട്ടും നേടാൻ ആവശ്യമായ നടപടിക്രമങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഒമാൻ ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ടു.

സാധാരണ രീതിയിൽ 600 ഒമാനി റിയാലാണു പൗരത്വത്തിനുള്ള അപേക്ഷാ ഫീസ് ആയി നൽകേണ്ടത്. അതേ സമയം ഒമാൻ പൗരൻ്റെ ഭാര്യക്കും, വിധവക്കും, മുൻ ഭാര്യക്കും ഒമാനി പൗരയുടെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും 300 ഒമാനി റിയാലാണു ഫീസ്.

അപേക്ഷകൻ ഒമാനിൽ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്നയാളാണെന്ന് തെളിയിക്കണം. ഒമാനിൽ ഏതെങ്കിലും രീതിയിലുള്ള ലീഗൽ കേസുകൾ നിലവിലില്ലാത്തയാളുമായിരിക്കണം.

12 രേഖകളാണു ഒമാനി പൗരത്വം ലഭിക്കുന്നതിനു അപേക്ഷിക്കുന്നതിനു വേണ്ടി സമർപ്പിക്കേണ്ടത്.

വിസയുള്ള വാലിഡ് പാസ്പോർട്ട്, തിരിച്ചറിയൽ രേഖ, റെസിഡൻസി കാർഡ്, വിവാഹിതനാണെങ്കിൽ മാര്യേജ് സർട്ടിഫിക്കറ്റ്, ഭാര്യയുടെയും കുട്ടികളുടെയും പാസ്പോർട്ട് കോപ്പി, ഒമാൻ വനിതയെ വിവാഹം കഴിച്ചയാളാണെങ്കിൽ അതിൻ്റെ രേഖ,

ഒമാനിൽ നിന്നും സ്വന്തം രാജ്യത്ത് നിന്നുമുള്ള സ്വഭാവ സർട്ടിഫിക്കറ്റ്, പകർച്ചാ വ്യാധിയില്ലെന്ന് തെളിയിക്കുന്നതിനുള്ള ഹെൽത്ത് സർട്ടിഫിക്കറ്റ്, സ്പോൺസറിൽ നിന്നുള്ള സാലറി സർട്ടിഫിക്കറ്റ്, ഒറിജിനൽ പാസ്പോർട്ട് കാൻസൽ ചെയ്യാനുള്ള സ്വന്തം രാജ്യത്തിൻ്റെ എംബസിയിൽ നിന്നുള്ള അനുമതി,

സ്വന്തം രാജ്യത്തിൻ്റെ പാസ്പോർട്ട് ഉപേക്ഷിക്കാനുള്ള സ്വന്തം താത്പര്യം പ്രകടിപ്പിക്കുന്ന കൈക്കൊണ്ടെഴുതിയ രേഖ, പ്രായ പൂർത്തിയാകാത്ത കുട്ടികളുടെ വിവരങ്ങളും രേഖകളും അടങ്ങുന്ന കൈ കൊണ്ടെഴുതിയ സത്യവാങ്മൂലം എന്നിവയാണു പൗരത്വത്തിനു അപേക്ഷിക്കുംബോൾ സമർപ്പിക്കേണ്ടത്.

അപേക്ഷകൾ സ്വീകരിച്ചാൽ വിദേശിയും മന്ത്രാലയവുമായി മുഖാമുഖം നടത്തും.ഇതിൽ ഭാഷ പരിഞാനം പരിശോധിക്കും, അതായാത് അറബി ഭാഷ വായിക്കാനും എഴുതുവാനും കഴിയുന്നയാളാണോ എന്ന് പരിശേധിക്കുന്ന ടെസ്റ്റ് നടത്തും.

അറബി ഭാഷാ ടെസ്റ്റിൽ പരാജയപ്പെട്ടാൽ 6 മാസം കൂടുംബോൾ വീണ്ടും ഭാഷാ ടെസ്റ്റ് നടത്താം. ഇങ്ങനെ 4 തവണ വരെ ആവർത്തിക്കുകയും ചെയ്യാം.

ഒമാൻ പൗരത്വം പുതുതായി ലഭിക്കുന്നയാൾക്ക് മന്ത്രാലയത്തിൻ്റെ പെർമിഷൻ ഇല്ലാതെ ആദ്യത്തെ 10 വർഷത്തിനുള്ളിൽ രാജ്യത്തിൻ്റെ പുറത്ത് തുടർച്ചയായി 6 മാസം താമസിക്കാൻ അനുമതിയുണ്ടായിരിക്കുന്നതല്ല.

പൗരത്വം ലഭിക്കാൻ ആഗ്രഹിക്കുന്നവർ ഒമാൻ ആഭ്യന്തര മന്ത്രാലയത്തെയാണു സമീപിക്കേണ്ടത്. നിയമ പ്രകാരം ഒമാൻ പൗരത്വം ഉപേക്ഷിക്കുന്നതിനു 200 ഒമാനി റിയാലാണു ഫീസ്.