കൊടി സുനിയുടെ ഭീഷണി ഖത്തറിലെ ഇന്ത്യൻ എംബസിയിൽ ഇന്ന് പരാതി നൽകും

കോഴിക്കോട് ;കൊടുവള്ളി: കൊടുവളളി നഗരസഭാ കൗൺസിലറും സ്വർണ വ്യാപാരിയുമായ കോയിശേരി മജീദിന് കൊടി സുനിയുടെ ഭീഷണി.

സംഭവത്തിൽ മജീദ് ഇന്ന് ഖത്തറിലെ ഇന്ത്യൻ എംബസിയിൽ പരാതി നൽകും. മജീദിന്റെ ഭാര്യ താമരശേരി പൊലീസിന് നാളെ പരാതി നൽകുന്നുണ്ട്. കൗൺസിലറെ ഭീഷണിപ്പെടുത്തിയ പശ്ചാത്തലത്തിൽ നാളെ കൊടുവളളി നഗരസഭ പ്രത്യേക യോഗം ചേരും.

വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും കൊടി സുനി നിരന്തരം ഫോൺ വിളിച്ചതിന്റെ രേഖകൾ പുറത്ത് വന്നിരുന്നു. കൊടി സുനി ജയിലിൽ നിന്ന് 9207073125 എന്ന നമ്പറിൽ നിന്ന് മെയ് 18ന് പതിനെട്ട് തവണയാണ് ഖത്തറിലേക്ക് വിളിച്ചതെന്നും രേഖകൾ വ്യക്തമാക്കുന്നു. ഈ നമ്പർ നിലവിൽ പ്രവർത്തന രഹിതമാണ്.

ഈ നമ്പറിലുളള വാട്‌സ് ആപ് അവസാനം ഉപയോഗിച്ചിരിക്കുന്നത് ജൂൺ 10നാണ്. മെയ് 23നാണ് കൊടി സുനി ഖത്തറിലെ വ്യാപാരി മജീദ് കോയിശേരിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്.

കണ്ണൂരിലെ സുഹൃത്തിന്റെ കൈവശം സ്വർണമുണ്ടെന്നും മജീദിന് വാങ്ങാൻ താൽപര്യമുണ്ടെങ്കിൽ അറിയിക്കുവാനും പറഞ്ഞു. കൃത്യമായ രേഖകളുണ്ടെങ്കിൽ വാങ്ങാമെന്നായിരുന്നു മജീദിന്റെ നിലപാട്.

അടുത്തദിവസം വിളിച്ചു നിർബന്ധമായും സ്വർണം വാങ്ങണമെന്നു സുനി ആവശ്യപ്പെട്ടു. ഈ വിവരം മജീദ് ഖത്തർ പൊലീസിൽ അറിയിച്ചതോടെയാണു ഭീഷണിയെത്തിയത്. ഭീഷണി പലവട്ടം തുടർന്നുവെന്നും മജീദ് ആരോപിക്കുന്നു.

കൊത്തിക്കളയുമെന്നായിരുന്നു ഭീഷണിയെന്നും നിയമപരമായി കാര്യങ്ങൾ നോക്കുമെന്ന് ഭീഷണിപ്പെടുത്തിയയാളോട് പറഞ്ഞതായും മജീദ് വ്യക്തമാക്കി.

അതേ സമയം കൊടി സുനിയുടെ ഭീഷണിയുടെ പശ്ചാത്തലത്തിൽ മജീദ് കൊഴിശേരിയുടെ കുടുംബത്തിന് സുരക്ഷ ഉറപ്പാക്കാൻ ഇടപെടുമെന്ന് കൊടുവള്ളി മുസ്ലിം ലീഗ് നേതാവ് അബ്ദുൽ മജീദ് പറഞ്ഞു.