ഗാർഹിക തൊഴിലാളി: സ്വദേശികളുടെ അപേക്ഷ മാത്രമേ അൽദൂറ സ്വീകരിക്കൂ

കുവൈറ്റ് സിറ്റി:ഗാർഹിക തൊഴിലാളികളെ ലഭിക്കുന്നതിനു സ്വദേശികളുടെ അപേക്ഷ മാത്രമേ സ്വീകരിക്കൂവെന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി രുപീകരിക്കപ്പെട്ട അൽ ദുറ കമ്പനി ചെയർമാൻ അൽ കശ്തി. നിലവിൽ സ്വദേശികളുടെയും വിദേശികളുടെയും അപേക്ഷ പരിഗണിക്കാറുണ്ട്. എന്നാൽ കമ്പനി പ്രവർത്തനം ക്രമീകരിക്കുന്നതിന്റെ ഭാഗമായി തൽകാലം സ്വദേശികളുടെ അപേക്ഷ മാത്രമേ പരിഗണിക്കൂവെന്നും പുതുതായി ചുമലതയേറ്റ അദ്ദേഹം പറഞ്ഞു. ആഭ്യന്തര തൊഴിൽ വിപണിയിലെ ആവശ്യത്തേക്കാൾ വളരെ കുറഞ്ഞ ഓഫറുകളാണ് വിദേശങ്ങളിൽനിന്ന് ലഭിക്കുന്നത്.പൗരന്മാർക്ക് മിതമായ നിരക്കിൽ ഗാർഹിക തൊഴിലാളികളെ ലഭ്യമാക്കുന്നതിനാകും ശ്രമം. നിലവിൽ ഇന്ത്യയിൽനിന്നും ഫിലിപ്പീൻസിൽ നിന്നുമാണ് മെച്ചപ്പെട്ട ഓഫറുകളുള്ളത്. ഗാർഹിക തൊഴിലാളി ഓഫീസുകൾ സൃഷ്ടിച്ച കുത്തക തകർക്കുക എന്നതാണ് കമ്പനിയുടെ പ്രധാന നടപടി. ഈ മേഖലയിൽ ആശാസ്യമല്ലാത്ത പല പ്രവണതകളും ചില ഏജൻസികൾ വഴി സംജാതമായിട്ടുണ്ട്. അവയെല്ലാം ഇല്ലാതാക്കണം. തൊഴിൽ വിപണിയിലെ ശരിയായ ദിശയിലേക്ക് മാറ്റുന്നതിനൊപ്പം ഗാ‍ർ‌ഹിക തൊഴിലാളികളെ ലഭ്യമാകുന്നതിനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിനും കമ്പനി ശ്രമിക്കുന്നതായി അദ്ദേഹം പറഞ്ഞു.