കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചുറ്റു മതില് നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു. ചെങ്ങല്‍ തോടിന്റെ ഒഴുക്ക് തടയുന്ന രീതിയില്‍ മതില് നിര്‍മ്മിക്കാന്‍ സമ്മതിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. തോടിന്റെ സ്വാഭാവിക നീരൊഴുക്ക് തടസപ്പെട്ടാല്‍ വീണ്ടും വീടുകളിലേക്ക് വെള്ളം കയറും. ഇതിനാലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞതെന്ന് നാട്ടുകാര്‍ പറഞ്ഞു.
മഴ കനത്തത്തോടെ പെരിയാറിന്റെ കൈവഴിയായ ചെങ്ങല്‍ തോടില്‍ നിന്ന് വെള്ളം കയറിയാണ് വിമാനത്താവളത്തിന്റെ റണ്‍വേ അടക്കം കഴിഞ്ഞ ദിവസം മുങ്ങിയത്. സമീപത്തുള്ള വീടുകളും വെള്ളപ്പൊക്കത്തില്‍ മുങ്ങിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെത്തുടര്‍ന്ന് ആവണംകോട് ഭാഗത്തെ മൂന്ന് നില കെട്ടിടവും വിമാനത്താവളത്തിന്റെ മതിലും ഇടിഞ്ഞു. വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന നൂറ് മീറ്ററോളം ഭാഗത്തെ മതിലാണ് സിയാല്‍ പുനര്‍നിര്‍മ്മിക്കാന്‍ തുടങ്ങിയത്. ഇതിനെതിരെയായിരുന്നു ജനകീയ പ്രക്ഷോഭം. നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കിയതോടെ മതില് നിര്‍മ്മാണം സിയാല്‍ താത്ക്കാലികമായി നിര്‍ത്തിവച്ചു.