എം.എ.യൂസഫലി ഇടപെട്ടു: തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം.

അജ്മാൻ: വണ്ടിച്ചെക്ക് കേസില്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം. വ്യവസായി എം.എ.യൂസഫലിയുടെ ഇടപെടലിെനത്തുടര്‍ന്നാണ് ജാമ്യം ലഭിച്ചത്.  അജ്മാനില്‍ ജാമ്യത്തുക കെട്ടിവച്ചു. ഇന്ന് പുറത്തിറക്കിയില്ലെങ്കില്‍  ഞായറാഴ്ച മാത്രമേ നീക്കം നടത്താനാകൂ എന്നതിനാല്‍ നടത്തിയ തിരക്കിട്ട നീക്കത്തിന് ഒടുവിലാണ് ജാമ്യം.

ഇരുപതുകോടിയോളം രൂപയുടെ ചെക്കുകേസിലാണ് തുഷാർ വെള്ളാപ്പള്ളി അറസ്റ്റിലായത്. പത്തുവർഷം മുൻപുനടന്ന സംഭവത്തിൻമേലാണ് തുഷാർ വെള്ളാപ്പള്ളിയെ ചൊവ്വാഴ്ച രാത്രിയോടെ അജ്മാൻ പൊലീസ് അറസ്റ്റ് ചെയ്തത്. അജ്മാനിൽ വെള്ളാപ്പള്ളി നടേശൻറെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോയിങ് കൺസ്ട്രക്ഷൻ എന്ന കമ്പനിയുടെ സബ് കോണ്ട്രാക്ടറായിരുന്ന തൃശൂർ സ്വദേശി നാസിൽ അബ്ദുല്ല നാലു ദിവസം മുൻപാണ് തുഷാറിനെതിരെ പൊലീസിൽ പരാതി നൽകിയത്. തുടർന്ന്, ചെക്കുമായി ബന്ധപ്പെട്ട തർക്കത്തിൽ ഒത്തുതീർപ്പു ചർച്ചകൾക്കെന്ന പേരിൽ തുഷാറിനെ അജ്മാനിലേക്കു വിളിച്ചു വരുത്തി. പൊലീസിൽ പരാതി നൽകിയ വിവരം തുഷാർ അറിഞ്ഞിരുന്നില്ലെന്നാണ് സൂചന. അജ്മാനിലെ ഹോട്ടലിലെത്തിയ തുഷാറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ സന്ദർശനം നാളെ തുടങ്ങാനിരിക്കെ അതിനു മുൻപു തന്നെ തുഷാറിനെ മോചിതനാക്കാനായിരുന്നു ശ്രമം.