കെവിൻ വധക്കേസിൽ പ്രതികൾക്ക് ഇരട്ട sജീവപര്യന്തം

കോട്ടയം : കെവിൻ വധക്കേസിൽ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി. വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. എന്നാൽ പ്രതികളുടെ പ്രായവും ജീവിതസാഹചര്യവും പരിഗണിച്ചാണ് പ്രതികളെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയത്. 40,000 രൂപ പിഴയും അടയ്ക്കണം. കേസ് അപൂർവത്തിൽ അപൂർവമെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

നിയമ പോരാട്ടം ഇങ്ങനെ: കെവിന്റേത് ദുരഭിമാനക്കൊലയെന്നു വ്യക്തമാക്കിയ കോടതി നീനുവിന്റെ സഹോദരൻ അടക്കം 10 പ്രതികളെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. വധശിക്ഷ ലഭിക്കാവുന്ന കൊലക്കുറ്റം, തടഞ്ഞുവെച്ച് വിലപേശല്‍ എന്നീ വകുപ്പുകള്‍ പത്ത് പ്രതികള്‍ക്കെതിരെയും ചുമത്തിയിട്ടുണ്ട്. ഇത് കൂടാതെ ഏഴ് വകുപ്പുകള്‍ വേറെയുമുണ്ട്. ദുരഭിമാനക്കൊല അപൂർവങ്ങളിൽ അപൂർവമായി കണക്കാക്കാം എന്ന സുപ്രീം കോടതി ഉത്തരവിന്റെ8്ഥാനത്തിൽ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണം എന്നാണ് പ്രോസിക്യൂഷന്‍റെ പ്രധാന ആവശ്യം. ജീവപര്യന്തം ശിക്ഷിക്കുകയാണെങ്കിൽ മറ്റു കുറ്റങ്ങൾക്കുള്ള തടവ് ശിക്ഷ പ്രത്യേകമായി അനുഭവിക്കാൻ ഉത്തരവിടണമെന്നും ശിക്ഷ ഒന്നിച്ചു അനുഭവിക്കാൻ അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

പ്രതികളിൽ നിന്ന് നല്ലൊരു തുക പിഴ ഈടാക്കി കെവിന്റെ കുടുംബത്തിനും നീനുവിനും കെവിന്റെ സുഹൃത്ത് അനീഷിനും നൽകണം എന്നും പ്രോസിക്യൂഷൻ അന്തിമ വാദത്തില്‍ ആവശ്യപ്പെട്ടു. എന്നാൽ കെവിന്റെ കൊലപാതകം അപൂർവങ്ങളിൽ അപൂർവമായി കണക്കാക്കാൻ കഴിയില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രതികളുടെ പ്രായവും ജീവിത സാഹചര്യങ്ങളും കണക്കിലെടുക്കണമെന്നും പശ്ചാത്തപിക്കാനും തെറ്റ് തിരുത്താനും അവസരം നൽകണമെന്നാണ് പ്രതിഭാഗം അഭിഭാഷകർ ആവശ്യപ്പെട്ടത്. മൂന്ന് മാസം കൊണ്ടാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിചാരണ പൂര്‍ത്തിയാക്കിയത്. നീനുവിനെ വിവാഹം കഴിച്ചതിന്റെ പേരിൽ 2018 മേയ് 27നാണ് പ്രതികൾ കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്.