മസ്കറ്റ്: ഒമാനിലുള്ള ഇന്ത്യക്കാർ എംബസിയിൽ പേരും പാസ്പോർട്ട് നമ്പരും രജിസ്റ്റർ ചെയ്യണമെന്ന് എമ്പസി അധികൃതരുടെ അറിയിപ്പ്. www.indemb-oman.gov.in/register.php എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ ആയി രജിസ്ട്രേഷന് സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. ഒമാനിൽ ദീർഘകാലമായി കഴിയുന്നവരും വിസിറ്റ് വിസ അടക്കമുള്ള ഹ്രസ്വകാല വിസയിലെത്തുന്നവരും രജിസ്റ്റർ ചെയ്യണമെന്നാണ് ഇന്ത്യൻ എംബസി അധികൃതർ ആവശ്യപ്പെടുന്നത്. അത്യാവശ്യ ഘട്ടത്തിൽ ഇന്ത്യക്കാരെ പെെട്ടന്ന് കണ്ടെത്തുന്നതിനും സഹായമെത്തിക്കുന്നതിനും ഇത് സഹായകമാവുമെന്ന് അധികൃതർ പറയുന്നു. ഓൺലൈൻ രജിസ്ട്രേഷനിൽ അപേക്ഷകർ പാസ്പോർട്ടിൽ നൽകിയ പ്രകാരമുള്ള പേര്, പാസ്പോർട്ട് നമ്പർ, പാസ്പോർട്ട് ഇഷ്യൂ ചെയ്ത തീയതി, പാസ്പോർട്ടിന്റെ കാലാവധി, ജോലി, ഒമാനിൽ തങ്ങുന്നതിന്റെ ലക്ഷ്യം, ഒമാനിൽ എത്തിയ തീയതി, ഒമാനിലെ വിലാസം, ടെലിഫോൺ നമ്പർ എന്നിവ നൽകണം.
ഹ്രസ്വകാല വിസയിൽ വന്നവരും ഒമാനിൽ തങ്ങിയ കാലാവധി രേഖപ്പെടുത്തണം.ഒരു ഇന്ത്യൻ പൗരനെ പറ്റിയുള്ള വിവരങ്ങളും പാസ്പോർട്ട് അടക്കം വിവരങ്ങളും ലഭ്യമാവുന്നത് വഴി അത്യാവശ്യ ഘട്ടത്തിൽ ഇവരുമായി ബന്ധപ്പെടാൻ സഹായകമാവുമെന്ന് എംബസിയുമായി ബന്ധപ്പെട്ടവർ പറഞ്ഞു. ഇന്ത്യൻ എംബസിയുടെ വെബ്സൈറ്റ് നവീകരിക്കുകയാണെന്നും ഇതിന്റെ ഭാഗമായി രജിസ്ട്രേഷന്റെ.ലിങ്ക് വെബ്സൈറ്റിൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു.രജിസ്ട്രേഷന്റെ പ്രാധാന്യത്തെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെയടക്കം ബോധവത്കരണം നടത്തും.ഒമാനിൽ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്നവർക്ക് പരിചയക്കാരും സുഹൃത്തുക്കളുമുണ്ടാവും. അടിയന്തര ഘട്ടത്തിൽ ഇവരുമായി ബന്ധപ്പെടാനും കഴിയും. എന്നാൽ, ഹ്രസ്വകാല വിസയിൽ വരുന്നവർക്ക് പരിചയക്കാർ ഉണ്ടായിക്കൊള്ളണമെന്നില്ല. അതിനാൽ, ഇത്തരക്കാർ വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നത് അവശ്യഘട്ടത്തിൽ പെെട്ടന്ന് സഹായമെത്തിക്കാൻ കഴിയും.രാജ്യത്തിന്റെ നിയമങ്ങൾ അറിയാത്തതിന്റെ പേരിൽ എവിടെയെങ്കിലും കുടുങ്ങിപ്പോവുകയാണെങ്കിൽ ഇത്തരക്കാർക്ക് സഹായമെത്തിക്കാൻ രജിസ്ട്രേഷൻ ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ, ഒമാനിൽ താമസിക്കുന്നവരും ഒമാൻ സന്ദർശിക്കുന്നവരും വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്ന് ഇന്ത്യൻ എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ജോലിക്കായാലും, വിനോദത്തിനായാലും പഠനാവശ്യത്തിനായാലും ഒമാനിലെക്ക് വരുന്ന ഇന്ത്യക്കാർക്കെല്ലാം ഈ നിർദേശം ബാധകമാണ്.