ചെന്നൈ :സൗത്ത് ചെന്നൈയിലെ പള്ളിക്കരണിയിൽ അനുമതിയില്ലാതെ സ്ഥാപിച്ച ഫ്ലെക്സ് ബോർഡ് പൊട്ടിവീണു സ്കൂട്ടറിൽ യാത്ര ചെയ്ത യുവതി വാട്ടർ ടാങ്കർ ലോറിക്കടിയിൽ പെട്ടു മരിച്ചു. ക്രോംപെട്ട് നെമിലിച്ചേരി സ്വദേശിനി ആർ.ശുഭശ്രീ (23) ആണ് മരിച്ചത്. അണ്ണാഡിഎംകെ നേതാവിന്റെ മകന്റെ വിവാഹപ്പരസ്യം പതിച്ച ബോർഡാണു യുവതിക്കുമേൽ പതിച്ചത്.എൻജിനീയറിങ് പൂർത്തിയാക്കിയ ശേഷം വിദേശ പഠനത്തിനായി ഐഇഎൽടിഎസ് പരീക്ഷ എഴുതി മടങ്ങുന്നതിനിടെയാണ് യുവതി ദാരുണമായി മരിച്ചത്.
പല്ലാവരം–തൊരൈപ്പാക്കം റോഡിലൂടെ വീട്ടിലേക്കു മടങ്ങുകയായിരുന്ന യുവതിയുടെ മേൽ പൊടുന്നനെ ബോർഡ് പതിക്കുകയായിരുന്നു.
നിയന്ത്രണം വിട്ട സ്കൂട്ടർ പിന്നാലെ എത്തിയ ലോറിക്കടിയിലേക്കു വീണു. ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.
ലോറി ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തതായും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
പല്ലാവരം–തൊരൈപ്പാക്കം റോഡിലെ ഡിവൈഡറുകളിൽ അണ്ണാഡിഎംകെ പ്രവർത്തകർ വിവാഹ പരസ്യം പതിച്ച 50ൽ അധികം ഹോർഡിങ്ങുകൾ അനധികൃതമായി സ്ഥാപിച്ചതായി പ്രദേശവാസികൾ പരാതിപ്പെട്ടു. ബോർഡുകൾ ഉടൻ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കുമെന്നു പൊലീസ് അറിയിച്ചു.
കോടതി വിലക്കിന് പുല്ലുവില
തമിഴ്നാട്ടിൽ പൊതു സ്ഥലത്തു ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നതു മദ്രാസ് ഹൈക്കോടതി വിലക്കിയിരുന്നു. റോഡ് ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയിൽ രാഷ്ട്രീയ പാർട്ടികളും സംഘടനകളും ബാനറുകളും ഫ്ലക്സ് ബോർഡുകളും സ്ഥാപിക്കുന്നതിനെതിരെ നൽകിയ പൊതുതാൽപര്യ ഹർജികൾ പരിഗണിച്ചായിരുന്നു വിധി. ബോർഡുകൾ അടിയന്തരമായി നീക്കം ചെയ്യണമെന്നു കോടതി നിർദേശം കാറ്റിൽ പറത്തി സംസ്ഥാനത്തുടനീളം ഫ്ലക്സ് ബോർഡുകൾ ഇപ്പോഴും ഉയരുകയാണ്. രാഷ്ട്രീയ സമ്മർദ്ദത്തിൽ തദ്ദേശ ഭരണകൂടം ഇത്തരം നിയമ ലംഘനത്തോട് കണ്ണടയ്ക്കുകയാണെന്നു സന്നദ്ധ സംഘടനകൾ ആരോപിച്ചു.
കഴിഞ്ഞ ഏപ്രിലിൽ നാമക്കൽ ജില്ലയിലെ സ്വകാര്യ ആശുപത്രിക്കു സമീപം അനധികൃതമായി സ്ഥാപിച്ച ഫ്ലക്സ് ബോർഡ് പൊട്ടി വീണ് 2 പേർ മരിച്ചിരുന്നു. 5 പേർക്കു ഗുരുതരമായി പരുക്കേറ്റു. 2017ൽ കോയമ്പത്തൂരിൽ എംജിആർ ജന്മ ശതാബ്ദി ആഘോഷം പ്രമാണിച്ച് അണ്ണാഡിഎംകെ റോഡിനു കുറുകെ കെട്ടി ഉയർത്തിയ അനധികൃത കമാനത്തിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ യുവ എൻജിനീയർ രഘുപതി (32) മരിച്ചത് വിവാദമായിരുന്നു.