ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷം: ഔദ്യോഗിക ഉദ്ഘാടനം 19ന്

പി. ശ്രീരാമകൃഷ്ണൻ, രമേശ്​ ചെന്നിത്തല, അൽഅൽേഫോൺസ് കണ്ണന്താനം , എം.എ. ബേബി, കെ.സി. ജോസഫ്, ഹരിഹരൻ, കെ.എസ്​.ചിത്ര, സൂര്യകൃഷ്ണമൂർത്തി, മധുബാലകൃഷ്​ണൻ

മനാമ: ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷത്തി​​െൻറ ഔദ്യോഗിക ഉദ്ഘാടനം ഈ മാസം19 ന്​ കേരള നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിർവഹിക്കുമെന്ന്​ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒാണാഘോഷത്തി​​ന്റെ ഭാഗമായുള്ള വിവിധ പരിപാടികൾ ആഗസ്​റ്റ്​ 31 ന്​ ആരംഭിച്ചിരുന്നു. ആവേശകരമായ ജനപങ്കാളിത്തമാണ്​ പരിപാടികളിൽ ഉണ്ടാകുന്നതെന്നും അവർ പറഞ്ഞു. പലഹാരമേള, അത്തപൂക്കള മത്സരം, കിണ്ണംകളി, ഘോഷയാത്ര, മറ്റ്കലാകായികമത്സരങ്ങൾ എന്നിവ വൻവിജയമായി. സഹകരണത്തിന്​ ഇന്ത്യൻ സമൂഹത്തോട്​ കടപ്പാട്​ അറിയിക്കുന്നതായും സംഘാടകർ പറഞ്ഞു. പ്രശസ്​ത കലാകാരന്മാർ വിവിധദിവസങ്ങളിലായി പരിപാടികൾ അവതരിപ്പിക്കുവാനായിഎത്തും.

കലാസാംസ്കാരികരംഗത്തുള്ളവരെയും ബിസിനസ്‌ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരെയും ആദരിക്കുന്ന ചടങ്ങുകൾ വിവിധ ദിവസങ്ങളിലായി നടക്കും. ഉദ്ഘാടന ദിവസം സ്വരലയദേവരാജൻ അവാർഡ്​ ഗായകൻ ഹരിഹരനും ബി.കെ.എസ്​ ബ്രഹ്മാനന്ദൻ പുരസ്കാരം ഗായകൻ മധുബാലകൃഷ്ണനും നൽകും. യുവബിസിനസുകാരായ വിപിൻ ദേവസ്യയെയും ഷൈൻ ജോയിയേയും ചടങ്ങിൽ ആദരിക്കും. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയായെത്തുന്ന പരിപാടിയിൽ കേരള മുൻ മന്ത്രി എം.എ.ബേബി പങ്കെടുക്കും. അന്നേദിവസം ഗായകരായ ഹരിഹരൻ, മധുബാലകൃഷ്ണൻ, നരേഷ്അയ്യർ, രാകേഷ്​ ബ്രഹ്മാനന്ദൻ, സിതാര എന്നിവർ നയിക്കുന്ന ഗാനമേള പ്രധാന ആകർഷണമാകും.

രവീന്ദ്രന്‍ മാഷി​​ന്റെയും ജോണ്‍സണ്‍ മാഷി​​ന്റെയും പാട്ടുകൾക്ക് പ്രാധാന്യം കൊടുത്താണ്​ ആദ്യദിവസത്തെ ഗാനമേള. 20ന്​ സൂര്യഫെസ്റ്റ് അരങ്ങേറും. മുൻകേന്ദ്രമന്ത്രി അൽഫോൺസ്​ കണ്ണന്താനം മുഖ്യാതിഥിയാകും. സൂര്യകൃഷ്ണമൂർത്തി പങ്കെടുക്കും. കേരളത്തിലെ നർത്തകരെയും ഗായകരെയും മറ്റുകലാകാരന്മാരെയും ഉൾക്കൊള്ളിച്ച്​ സൂര്യകൃഷ്ണമൂർത്തി അണിയിച്ചൊരുക്കുന്ന കലാവിരുന്നും നടക്കും. ഷംനാകാസിം, നജീംഅർഷാദ്, സിയാ ഉൽ ഹഖ് ,സജ്‌ന, സിജുകുമാർ, മാളവിക, ദുർഗ്ഗാവിശ്വനാഥ്‌, ആറ്റുകാൽ ബാലസുബ്രഹ്മണ്യം തുടങ്ങി നിരവധികലാകാരൻമാർ പങ്കെടുക്കും. ചടങ്ങിൽ ബഹ്‌റൈനി ബിസിനസ്​മാൻ ഖാലിദ്​ജുമയെ, ചടങ്ങിൽ ആദരിക്കും. 21ന്​ കേരള മുൻ മന്ത്രി കെ.സി. ജോസഫ് മുഖ്യാതിഥി ആകും. തുടർന്ന്​ തിരുവാതിര മത്സരം അവതരിപ്പിക്കും. 22 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ ബഹ്‌റൈനിലെ അറിയപ്പെടുന്ന കലാകാരന്മാരും കേരളീയസമാജം കലാകാരന്മാരും അണിയിച്ചൊരുക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറും.

നൃത്തം, കഥാപ്രസംഗം, ഒപ്പന, വെസ്റ്റേൺ ഡാൻസ്, നാടൻ പാട്ടുകൾ, കവിതകളുടെ ദൃശ്യാവിഷ്‌കാരം തുടങ്ങിയവ നടക്കും. ഷീനാചന്ദ്രദാസ്, ഔറ ആർട്​സ്​ സ​െൻറർ, സഹൃദയ പയ്യന്നൂർ നാടൻ പാട്ടുസംഘം, പ്രേമൻ ചാലക്കുടി, മനോഹരൻ പാവറട്ടി, ഭാരതശ്രീ രാധാകൃഷ്ണൻ, ഗായത്രി, ഷീജനടരാജ്, കൊച്ചുഗുരുവായൂർ, ശുഭ അജിത്ത്, ബേബികുട്ടൻ എന്നിവരാണ് വിവിധ കലാപരിപാടികൾ അവതരിപ്പിക്കുന്നത്. 26 ന്​ ബോളിവുഡിൽ നിന്നുമുള്ള നീരവ്ബാവ്‌ലേചയും സംഘവും അവതരിപ്പിക്കുന്ന ഡാൻസ്​ നടക്കും. സമാപനദിവസമായ 27 ന്​ കേരള പ്രതിപക്ഷനേതാവ്​ രമേശ്‌ ചെന്നിത്തല മുഖ്യാതിഥിയാകും. ചടങ്ങിൽ ബിസിനസ്സുകാരനായ സി.പി.വർഗീസിനെയും അബ്ദുൽ മജീദ്​ തെരുവത്തിനെയും ആദരിക്കും.

തുടർന്ന്​ കെഎസ്​. ചിത്ര, ഹരിശങ്കർ, ടീനു, വിജിത ശ്രീജിത് എന്നിവർ അവതരിപ്പിക്കുന്ന മ്യൂസിക്കൽ സിംഫണിയും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഒക്​ടോബർ നാലിന്​ നടക്കുന്ന വിപുലമായ ഒാണസദ്യയോടെ പരിപാടികൾ സമാപിക്കും. പഴയിടം മോഹനന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ 5000 പേർക്കാണ്​ സദ്യ വിളമ്പുന്നത്​. ഉണ്ണികൃഷ്ണപിള്ള കണ്‍വീനറായ കമ്മിറ്റിയാണ് ഓണസദ്യക്കുള്ള ഒരുക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്​. സമാജം പ്രസിഡൻറ്​ പി.വി. രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി എം.പി. രഘു, ട്രഷറര്‍ വി.എസ്. ദിലീഷ് കുമാര്‍ , മെമ്പര്‍ഷിപ്‌ സെക്രട്ടറി ബിനു വേലിയില്‍, കലാ വിഭാഗം സെക്രട്ടറി ഹരീഷ് മേനോന്‍, ഓണാഘോഷ കമ്മിറ്റി കണ്‍വീനര്‍ പവനന്‍ തോപ്പില്‍, ശരത്ത് രാമചന്ദ്രന്‍, ആഷ്​ലി കുര്യന്‍, ഓണസദ്യ കണ്‍വീനര്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.