മരട് ഫ്ലാറ്റുകളിലെ വൈദ്യുതി വിച്ഛേദിക്കാൻ ഒരുങ്ങി നഗരസഭ

കൊച്ചി: മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്ന നടപടികള്‍ക്കായി പുതിയ ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ നിയമിച്ചു. ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിനാണ് ചുമതല. സമയബന്ധിതമായി പൊളിക്കല്‍ നടപടി പൂര്‍ത്തിയാക്കാനാണ് കളക്ടര്‍ക്ക് നിര്‍ദ്ദേശം. മരട് നഗരസഭാ സെക്രട്ടറിയുടെ ചുമതലയാണ് ഉദ്യോഗസ്ഥന്. അതേസമയം ഫ്ലാറ്റുകൾ ഒഴിയണമെന്ന നഗരസഭാ നോട്ടീസ് ചോദ്യം ചെയ്ത് ഫ്ലാറ്റുടമകൾ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ നാല് പാര്‍പ്പിട സമുച്ചയത്തിലെയും വൈദ്യുതി വിച്ഛേദിക്കാന്‍ നഗരസഭ കെഎസ്ഇബിക്ക് കത്തുനല്‍കി.

മരടിലെ അനധികൃത ഫ്ലാറ്റുകൾ ഒഴിയണമെന്ന നഗരസഭാ നോട്ടീസ് ചോദ്യം ചെയ്ത് ഫ്ലാറ്റുടമകൾ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയിരുന്നു. മരടിലെ ഫ്ലാറ്റ് പൊളിയ്ക്കുന്നതുമായി ബന്ധപ്പെട്ട ഒരു ഹർജിയും രാജ്യത്തെ മറ്റൊരു കോടതിയും പരിഗണിക്കരുതെന്ന സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. നിയമ ലംഘനം നടത്തുന്നവർക്കുള്ള ശക്തമായ മുന്നറിയിപ്പാണ് മരട് വിധി എന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

ഹോളി ഫെയ്ത്ത് അപ്പാർട്ട്മെന്‍റ്, ഗോൾഡൻ കായലോരം എന്നിവിടങ്ങളിലെ താമസക്കാരായ രണ്ട് പേരാണ് നഗരസഭയുടെ ഒഴിപ്പിക്കൽ നോട്ടീസ് നിയമാനുസൃതമല്ലെന്ന് ചൂണ്ടികാട്ടി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ സുപ്രീം കോടതി ഉത്തരവിനെക്കുറിച്ച് ഉടമകൾക്ക് അറിവില്ലെ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ജനങ്ങൾ അവർക്ക് ഇഷ്ടമുള്ളത് ചെയ്യും തുടർന്ന് അത് ക്രമപ്പെടുത്തിയെടുക്കാൻ ശ്രമിക്കും. ഇങ്ങനെ നിയമലംഘനം നടത്തുന്നവർക്കുള്ള ശക്തമായ മുന്നറിയിപ്പാണ് സുപ്രീം കോടതിവിധിയെന്നായിരുന്നു ഹൈക്കോടതി അറിയിച്ചത്.

മരടിലെ ഫ്ലാറ്റ് ഉടമകൾക്ക് ഒഴിപ്പിക്കൽ നടപടിയിൽ പരാതിയുണ്ടെങ്കിൽ വേഗം സുപ്രീംകോടതിയിൽ പോകു എന്ന് വ്യക്തമാക്കിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മരടുമായി ബന്ധപ്പെട്ട് മറ്റ് കോടതികൾ ഒരു ഹർജിയും പരിഗണിക്കരുതെന്ന് സുപ്രീം കോടതി വിധികൂടി ചൂണ്ടികാട്ടി ഹർ‍ജി തള്ളുകയായിരുന്നു. ഉദ്യോഗസ്ഥർ നിയമലംഘനത്തിന് കൂട്ടുനിന്നത് കൊണ്ടാണ് നിരപരാധികളായ കുടുംബൾക്ക് ഈ ഗതിവന്നതെന്നായിരുന്നു ഫ്ലാറ്റ് ഉടമകളുടെ പ്രതികരണം. ഇതിനിടെ മരടിലെ നാല് പാർപ്പിട സമുച്ഛയങ്ങളിലെ യാഥാർത്ഥ താമസക്കാർ ആരൊക്കെ എന്നറിയുന്നതിനായി സംസ്ഥാന ഇന്‍റലിജന്‍സ് വിവര ശേഖരണം തുടങ്ങി. നഗരസഭ രേഖകളിൽ പല ഫ്ളാറ്റുകളും ഇപ്പോഴും നിർമ്മാതാക്കളുടെ പേരിലാണെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.