കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്നു പറന്നുയർന്ന വിമാനത്തിൽ പക്ഷി ഇടിച്ച് എൻജിൻ തകരാറിലായതിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. ഇന്നലെ രാവിലെ 10.10നു കണ്ണൂരിൽ നിന്ന് അബൂദാബിയിലേക്കു പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം 25 കിലോമീറ്റർ പറന്നശേഷമാണു തിരിച്ചിറക്കിയത്. ഇടിയുടെ ആഘാതത്തിൽ എൻജിൻ തകരാറിലായതോടെ പൈലറ്റ് അടിയന്തര ലാൻഡിങ്ങിനായി എയർ ട്രാഫിക് കൺട്രോൾ സ്റ്റേഷനുമായി ബന്ധപ്പെടുകയായിരുന്നു.
168 യാത്രക്കാരാണു വിമാനത്തിൽ ഉണ്ടായിരുന്നത്. തിരിച്ചിറക്കിയ വിമാനം സാങ്കേതിക വിദഗ്ധർ പരിശോധിച്ചപ്പോഴാണു പക്ഷി ഇടിച്ച് എൻജിൻ തകരാറിലായതു കണ്ടെത്തിയത്. തുടർന്നു തിരുവനന്തപുരത്തു നിന്നു മറ്റൊരു വിമാനം കണ്ണൂരിലെത്തിച്ചാണു യാത്രക്കാരെ അബൂദാബിയിലേക്കു കൊണ്ടുപോയത്.
രാവിലെ 9.30നു പുറപ്പെടേണ്ടിയിരുന്ന വിമാനം 4.36നാണു പുറപ്പെട്ടത്. യാത്രക്കാർക്കു വിമാനത്താവളത്തിൽ വിശ്രമിക്കാൻ സൗകര്യവും ഭക്ഷണവും ഒരുക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ് പ്രതിനിധി അറിയിച്ചു. കണ്ണൂർ വിമാനത്താവളത്തിൽ ആദ്യമായാണു പക്ഷി ഇടിച്ചു വിമാന സർവീസ് തടസ്സപ്പെടുന്നത്.