പ്രവാസി ക്ഷേമ നിധി അദാലത്ത് ഈ മാസം 25 ന്

മസ്കറ്റ് : സോഷ്യൽ ക്ലബ്‌ കേരള വിഭാഗം പ്രവാസി ക്ഷേമനിധി വിശദീകരണവും പരാതി പരിഹാര അദാലത്തും സംഘടിപ്പിക്കുന്നു.ഒക്ടോബർ 25 നു വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബ്‌ ഹാളിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. പ്രവാസി നിക്ഷേപം കേരളത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനോടൊപ്പം പ്രവാസിക്കും ജീവിതപങ്കാളിക്കും ജീവിതാവസാനം വരെ സ്ഥിരമായ വരുമാനം ഉറപ്പാക്കുന്ന പദ്ധതിയാണ് കേരള പ്രവാസി ഡിവിഡന്റ് പദ്ധതി. 3 ലക്ഷം മുതല്‍ 51 ലക്ഷം രൂപ വരെ ഒറ്റത്തവണ നിക്ഷേപിക്കാം. 3 വര്‍ഷത്തിനുശേഷം നിക്ഷേപകന് പ്രതിമാസ ഡിവിഡന്റ് ലഭിക്കും. നിക്ഷേപകന്റെ കാലശേഷം ജീവിത പങ്കാളിക്ക് പ്രതിമാസ ഡിവിഡന്റ് ലഭിക്കും. ജീവിതപങ്കാളിയുടെ കാലശേഷം നിയമപരമായ അവകാശികള്‍ക്ക് നിക്ഷേപക തുകയും ആദ്യ മൂന്ന് വര്‍ഷത്തെ ഡിവിഡന്റും തിരികെ ലഭിക്കും.ഇതിനെക്കുറിച്ചുള്ള ക്‌ളാസും ഇതോടൊപ്പം നടക്കും.പ്രവാസം കഴിഞ്ഞ് തിരിച്ചെത്തുന്ന മലയാളികളുടെ ജീവിതനിലവാരം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടൊണ് കേരള പ്രവാസി വെൽഫെയർ ബോർഡ് ഡിവിഡന്റ് പദ്ധതിക്ക് തുടക്കമിട്ടത്.പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നവംബര്‍ 16ന് തൃശൂരിൽ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവ്വഹിക്കും. ഇതു സംബന്ധിച്ചും പ്രവാസി ക്ഷേമനിധി സംബന്ധിച്ചുമുള്ള വിവരങ്ങളും ഈ പരിപാടിയിൽ വച്ച് പ്രവാസി വെൽഫെയർ ബോഡ് ഡയറക്ടർ ശ്രീ.പി.എം. ജാബിർ വിശദീകരിക്കും.ഇതോടെപ്പം പ്രവാസി ക്ഷേമനിധി അദാലത്തും നടക്കും. ഈ പദ്ധതിയിൽ പുതുതായി ചേരാൻ ആഗ്രഹിക്കുന്നവർക്കു അവിടെ വെച്ചു തന്നെ ചേരാൻ സൗകര്യമൊരുക്കും.അത്തരക്കാർ സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്പോർട്ട് കോപ്പിയും (വിസ പേജ് ഉൾപ്പെടെ) ലേബർ കാഡ് കോപ്പിയും ഒരു ഫോട്ടോയും കരുതേണ്ടതാണ്.കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ഒമാനിൽ മുപ്പത് വേദികളിൽ പി.എം. ജാബിർ പങ്കെടുത്ത് കൊണ്ട് പ്രവാസി ക്ഷേമനിധി വിശദീകരണ യോഗങ്ങൾ നടക്കുകയുണ്ടായി.
കൂടുതൽ വിവരങ്ങൾക്കായി സംഘാടക സമിതി ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്. നമ്പർ 92413676, 93904889, 99845314