ദുബൈ: ഗൾഫ് രാജ്യങ്ങളിലെ ജയിലുകളിൽ കഴിയുന്ന മലയാളികൾക്ക് സൗജന്യ നിയമ സഹായം ലഭ്യമാക്കാൻ കേരള സർക്കാർ നോർക്ക റൂട്ട്സ് വഴി ആരംഭിച്ച പദ്ധതി കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു.ആദ്യഘട്ടത്തിൽ കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിൽ ഉണ്ടായിരുന്ന സേവനം യു.എ.ഇ, ബഹ്റൈന്‍ എന്നിവിടങ്ങളിൽ കൂടി ലഭ്യമാവും.ഇരുരാജ്യങ്ങളിലും നോർക്ക ലീഗൽ കൺസൾട്ടന്റുമാരെ നിയോഗിച്ചു. താമസിയാതെ മറ്റു ജി.സി.സി രാജ്യങ്ങളിലേക്കും സെൽ പ്രവർത്തനം വ്യാപിപ്പിക്കും.തങ്ങളുടേതല്ലാത്ത കുറ്റങ്ങൾക്കും ചെറിയ കുറ്റകൃത്യങ്ങൾക്കും വിദേശ ജയിലുകളിൽ കഴിയുന്നമലയാളികൾക്ക് എംബസികളുടെ സഹായത്തോടെയാണ് നിയമ സഹായം ലഭ്യമാക്കുകയെന്ന് നോർക്ക അധികൃതർ അറിയിച്ചു.
ജോലി സംബന്ധമായി വിദേശമലയാളികൾ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പദ്ധതി മുഖേന നിയമപരിഹാരം ലഭിക്കും. കേസുകള്‍ ഫയല്‍ ചെയ്യാനുള്ള നിയമ സഹായം, നഷ്ടപരിഹാര, ദയാഹരജികള്‍ എന്നിവയില്‍ സഹായിക്കുക, മലയാളി സംഘടനകളുമായി ചേർന്ന് നിയമ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക, വിവിധ ഭാഷകളില്‍ തര്‍ജമ നടത്താൻ വിദഗ്ധരുടെ സഹായം ലഭ്യമാക്കുക, ബുദ്ധിമുട്ടനുഭവിക്കുന്ന മലയാളികള്‍ക്ക് നിയമവ്യവഹാരത്തിനുള്ള സഹായം നല്‍കുക എന്നിവയാണ് മറ്റു കാര്യങ്ങള്‍. പാസ്പോര്‍ട്ട്, വിസ, മറ്റു സാമൂഹികപ്രശ്നങ്ങള്‍ തുടങ്ങിയവയെല്ലാം നിയമസഹായ പദ്ധതിയുടെ പരിധിയില്‍ വരും. ശിക്ഷ, ജയില്‍വാസം എന്നിവയുമായി ബന്ധപ്പെട്ട ആശുപത്രി ചികിത്സയും പദ്ധതിയിലുള്പ്പെട്ടിട്ടുണ്ടെന്ന് നോര്‍ക്ക റൂട്ട്സ് അധികൃതർ പറഞ്ഞു.
പ്രവാസി നിയമ സഹായത്തിനുള്ള അപേക്ഷാഫോറം നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org യില്‍ ലഭിക്കും. ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം നോര്‍ക്ക റൂട്ട്സിന് പോസ്റ്റല്‍ / ഇ-മെയില്‍ മുഖേനയും അയക്കാം . അറബി ഭാഷകളിലുള്ള രേഖകളുടെ തര്‍ജമകളും സമര്‍പ്പിക്കണം.
അപേക്ഷകള്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍, നോർക്ക റൂട്ട്സ്, നോർക്ക സെന്റർ, തൈക്കാട്, തിരുവനന്തപുരം-14, കേരള, ഇന്ത്യ എന്ന വിലാസത്തിലേക്കോ legalaid@norkaroots.net എന്ന ഇ-മെയില്‍ വിലാസത്തിലേക്കോ അയക്കാം. നോർക്കയുടെ ടോൾ ഫ്രീ നമ്പർ 1800 425 3939 (ഇന്ത്യയിൽ നിന്ന്) 00918802012345 (വിദേശത്തു നിന്ന്) മുഖേന മിസ്ഡ് കാൾ സേവനവും ലഭിക്കും.