തമിഴ്നാട്ടിൽ നിന്ന് കാറിൽ കഞ്ചാവുകടത്തൽ : പ്രതിയെ പിടികൂടി

പാലക്കാട്: വാളയാറിനടുത്ത് കഞ്ചാവ് വേട്ട. തമിഴ്നാട്ടിൽ നിന്ന് കാറിൽ കടത്താൻ ശ്രമിച്ച 11 കിലോ ക‌ഞ്ചാവ് എക്സൈസ് സംഘം പിടികൂടി. മലപ്പുറം മഞ്ചേരി സ്വദേശി ജലീലിനെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ഉച്ചയോടെ വാളയാർ ടോൾ പ്ലാസക്ക് സമീപം വാഹന പരിശോധനയിലാണ് എക്സൈസ് സംഘം കഞ്ചാവ് പിടികൂടിയത്. പരിശോധനയ്ക്കിടെ നിർത്താതെ പോയ കാർ പിന്തുടർന്ന് എക്സസൈസ് സംഘം പിടികൂടുകയായിരുന്നു.

ദില്ലി രജിസ്ട്രേഷനിലുളള കാറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടിലെ ധാരാപുരത്തുനിന്നാണ് കഞ്ചാവെത്തിച്ചതെന്ന് പിടിയിലായ ജലീൽ എക്സൈസ് സംഘത്തോട് വെളിപ്പെടുത്തി. മ‌ഞ്ചേരി സ്വദേശിയായ ശെൽവന് വേണ്ടിയാണ് കഞ്ചാവെത്തിച്ചതെന്ന് ഇയാൾ പറയുന്നു.

ഏറെ മാസങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഇത്രയും അളവിൽ കഞ്ചാവ് പാലക്കാട്ട് പിടികൂടുന്നത്. അതിർത്തിയിലും റെയിൽവെ സ്റ്റേഷനുകളിലും പരിശോധന കർശനമാക്കിതോടെ, വലിയ അളവിലുളള കഞ്ചാവ് ഒഴുക്ക് കുറഞ്ഞിരുന്നു. ഇരുചക്രവാഹനങ്ങളിലൂടെ ചെറിയ അളവിലായിരുന്നു കഞ്ചാവ് കടത്ത്.

തമിഴ്നാട്ടിലും പരിശോധന കർശനമായപ്പോൾ തമിഴ്നാട്ടിലെ സംഭരണ കേന്ദ്രം കഞ്ചാവ് ലോബി മാറ്റിയെന്നാണ് വിവരം. സേലം, ധാരാപുരം എന്നിവടങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ ഇവരുടെ പ്രവർത്തനമെന്നാണ് പൊലീസും എക്സൈസും നൽകുന്ന സൂചനകൾ.