മോഷണക്കേസിൽ അറസ്റ്റിലായ പ്രതി ഗുരുതരാവസ്ഥയിൽ

വയനാട്, മീനങ്ങാടി: മോഷണക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതി ഗുരുതരവാസ്ഥയില്‍. വയനാട് മീനങ്ങാടി സ്വദേശിയായ അജേഷാണ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നത്. കസ്റ്റഡി മര്‍ദ്ദനം ആരോപിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം.

സുല്‍ത്താന്‍ ബത്തേരി പുതുച്ചോല മാവാടി വീട്ടില്‍ ശശിയുടെ മകന്‍ 34-കാരനായ അജേഷാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയുവില്‍ ഗുരുതരവാസ്ഥയില്‍ കഴിയുന്നത്. ഇയാളെ ഇക്കഴി‍ഞ്ഞ എട്ടാം തീയതിയാണ് മീനങ്ങാടി പൊലീസ് ബാറ്ററി മോഷണക്കേസില്‍ അറസ്റ്റ് ചെയ്തത്.

മൊബൈല്‍ ടവറുകള്‍ക്കു കീഴിലെ ബാറ്ററി മോഷ്ടിക്കുന്ന നാലംഗ സംഘത്തെ ബത്തേരി പൊലീസ് കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഈ സംഘമാണ് ബാറ്ററി മോഷണത്തില്‍ അജേഷിനും പങ്കുണ്ടെന്ന് മൊഴി നല്‍കിയത്. തുടര്‍ന്ന് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്ത അജേഷിനെ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്ത് വൈത്തിരി സബ് ജയിലിലേക്കയച്ചു.

എന്നാല്‍ പിറ്റേന്നു തന്നെ അവശനിലയിലായ അജേഷിനെ ജയില്‍ അധികൃതര്‍ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എന്നാല്‍ ലഹരിപഥാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചിരുന്ന അജേഷ് ജയിലില്‍ എത്തിയ ഉടന്‍ ലഹരി കിട്ടാത്തതിനെത്തുടര്‍ന്ന് വിഭ്രാന്തി കാട്ടിയിരുന്നുവെന്ന് വൈത്തിരി സബ് ജയില്‍ അധികൃതര്‍ പറഞ്ഞു.

പിറ്റേന്നു തന്നെ വൈത്തിരി താലൂക്ക് ആശുപത്രിയിലെത്തിച്ചു. കുറവില്ലാത്തതിനെത്തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നുവെന്നും ജയില്‍ അധികൃതര്‍ അറിയിച്ചു.