മനാമ: ബഹ്റൈൻ ജേർണലിസ്റ്റ് അസോസിയേഷനും സൗദി ജേണലിസ്റ്റ് അസോസിയേഷനും പരസ്പര സഹകരണ കരാറിൽ ഒപ്പുവെച്ചു. പൊതുവായ പരിശീലന ശിൽപശാലകൾ, പത്രപ്രവർത്തനത്തിന്റെയും മാധ്യമങ്ങളുടെയും പ്രവർത്തനമേഖല മെച്ചപ്പെടുത്തുക,ഇരു രാജ്യങ്ങളിലും ലഭ്യമായ വൈദഗ്ധ്യത്തിലും കഴിവുകളിലും കൂടുതൽ നിക്ഷേപം എന്നിവയിൽ സഹകരണം ഉറപ്പുവരുത്തുന്നതാണ് കരാർ.
ഇരുരാജ്യങ്ങളിൽനിന്നുമുള്ള മാധ്യമപ്രവർത്തകർ തമ്മിലുള്ള കൂടുതൽ സമന്വയത്തിനും വിശാലമായ സഹകരണത്തിനും വേണ്ടിയുള്ള സുപ്രധാന നടപടിയാണിതെന്ന് ഇൻഫർമേഷൻ മന്ത്രി അലി അൽ റൊമയ്ഹി ഉടമ്പടിയെ സ്വാഗതം ചെയ്ത് പറഞ്ഞു. മേഖലയുടെ സുരക്ഷ, സുസ്ഥിരത എന്നിവ സംരക്ഷിക്കപ്പെടുന്നതിൽ സൗദി അറേബ്യ രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദി, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ എന്നിവരുടെ നേതൃത്വത്തെയും മന്ത്രി അഭിനന്ദിച്ചു.
ബഹ്റൈൻ ജേണലിസ്റ്റ്സ് അസോസിയേഷൻ പ്രസിഡൻറ് അഹ്ദയ അഹ്മ്മദും സൗദി ജേണലിസ്റ്റ് അസോസിയേഷൻ ചെയർമാൻ ഖാലിദ് അൽ മാലിക്കും ചേർന്നാണ് കരാറിൽ ഒപ്പിട്ടത്.