പ്രവാസികളുടെ വിവാഹ രജിസ്​ട്രേഷൻ നിയമം ഉടൻ

ദില്ലി: സാധാരണ പ്രവാസികൾക്ക്​ നാടുകടത്തലും തടവുശിക്ഷയും ജോലിനഷ്​ടവുമടക്കം ഉണ്ടാകാൻ സാധ്യതയുള്ള വ്യവസ്​ഥകളടങ്ങിയ പ്രവാസികളുടെ വിവാഹ രജിസ്​ട്രേഷൻ നിയമം കേന്ദ്ര സർക്കാർ നടപ്പാക്കാനൊരുങ്ങുന്നു. മുൻ വിദേശകാര്യമന്ത്രി സുഷമസ്വരാജാണ്​ ‘ദി രജിസ്​ട്രേഷൻ ഓഫ്​ മാര്യേജ്​ ഓഫ്​ നോൺ റസിഡൻറ്​ ഇന്ത്യൻ ബിൽ​ 2019’ രാജ്യസഭയിൽ അവതരിപ്പിക്കുന്നത്​. ഇപ്പോൾ ലോക്സഭയുടെ പരിഗണനയിലാണ്​. കഴിഞ്ഞ ഒക്​ടോബർ നാലിനാണ്​ ബിൽ ലോക്​സഭ സ്​റ്റാൻഡിങ്​ കമ്മിറ്റിക്ക് വിട്ടത്​. റിപ്പോർട്ട് സമർപ്പിക്കാനുള്ള കാലാവധി രണ്ടു മാസമാണ്​. ഡിസംബർ ആദ്യം റിപ്പോർട്ട്​ സമർപ്പിക്കും. വിദേശങ്ങളിൽ നടന്ന വിവാഹങ്ങൾ മറച്ചുവെച്ച്​ ഇന്ത്യയിൽ വന്ന് കല്യാണം കഴിച്ച് സ്ത്രീകളെ വഴിയാധാരമാക്കുന്നതിനെതിരെയാണ്​ പുതിയ ബില്ലെന്നാണ്​ സർക്കാർ പറയുന്നത്​.

മിക്ക പ്രവാസികൾക്കും വിവാഹത്തിനായി കുറഞ്ഞ ദിവസങ്ങളേ നാട്ടിൽ വരാൻ കഴിയുന്നുള്ളൂ. ബില്ലിലെ വ്യവസ്​ഥപ്രകാരം പ്രവാസികൾ 30 ദിവസത്തിനകം വിവാഹം രജിസ്​റ്റർ ചെയ്യണം. ഇല്ലെങ്കിൽ പാസ്പോർട്ട് തടഞ്ഞുവെക്കുകയോ റദ്ദാക്കുകയോ ചെയ്യും. നാട്ടിലാണ് വിവാഹമെങ്കിൽ നാട്ടിലും വിദേശത്താണെങ്കിൽ ഇന്ത്യൻ എംബസിയിലോ ഇന്ത്യൻ കോൺസുലേറ്റ്​ പോലുള്ള ഓഫിസിലോ ആണ്​ രജിസ്​റ്റർ ചെയ്യേണ്ടത്​. ബില്ലിലെ വ്യവസ്​ഥ പ്രകാരം പ്രവാസിക്ക് അയച്ച സമൻസ് നേരിട്ട് കൈപ്പറ്റിയില്ലെങ്കിൽ, വിദേശകാര്യ വകുപ്പ് നിശ്ചയിക്കുന്ന വെബ്സൈറ്റിൽ സമൻസ് അപ്​ലോഡ് ചെയ്താൽ മതി.

കോടതിയിൽ ഹാജരായില്ലെങ്കിൽ വെബ്സൈറ്റിലൂടെ അറസ്​റ്റ്​ വാറൻറ്​ പ്രസിദ്ധപ്പെടുത്തി പ്രവാസിയെ അറസ്​റ്റ്​ചെയ്യാം. വിവാഹം രജിസ്​റ്റർ ചെയ്യാത്തവരുടെ പാസ്പോർട്ട് കണ്ടുകെട്ടുന്നതിനാൽ പ്രവാസിയെ നാടുകടത്തി ഇന്ത്യയിൽ എത്തിക്കാം. ഇതിലൂടെ പ്രവാസിയുടെ ജോലി നഷ്​ടമാവാനും സാധ്യതയേറെയാണ്​.ഇന്ത്യയിലെ പല സംസ്ഥാനങ്ങൾക്കും വിവാഹ രജിസ്ട്രേഷന്​ സമയപരിധിയുണ്ട്​. ഇത്​ കഴിഞ്ഞാൽ പിഴയോടെ രജിസ്​റ്റർ ചെയ്യാം. എന്നാൽ, ബിൽ​ പ്രകാരം കാലാവധിക്കു ശേഷം പിഴയടച്ച് രജിസ്​റ്റർ ചെയ്യാനാവില്ല.

സാധാരണ ഇന്ത്യക്കുപുറത്ത് 182 ദിവസം താമസിച്ചാലാണ്​ ഒരാൾ ഔദ്യോഗികമായി പ്രവാസിയാകുന്നത്​. എന്നാൽ, ബില്ലിൽ പ്രവാസി എന്നതിന്​ ഇത്തരമൊരു നിർവചനമില്ലെന്നുമാത്രമല്ല, ഇന്ത്യക്കുപുറത്ത് താമസിക്കുന്ന ആൾ എന്നു മാത്രമാണ് പ്രവാസിയെ നിർവചിക്കുന്നത്​. ഇതിനാൽ, വിസിറ്റ് വിസയിലുള്ള ആൾ പോലും ബിൽ​ പ്രകാരം കടുത്ത നിയമനടപടികൾക്കു​ വിധേയരാകും. ഉപജീവനത്തിന്​ പ്രവാസികളായവർ വിദേശങ്ങളിൽനിന്ന്​ വിവാഹം കഴിക്കാൻ പറ്റിയ സാഹചര്യമുള്ളവര​െല്ലന്ന്​ ​ഖത്തർ പ്രവാസിയും സാമൂഹികപ്രവർത്തകനുമായ റഊഫ്​ കൊണ്ടോട്ടി പറയുന്നു.