അബുദാബി : 60 വയസ്സ് കഴിഞ്ഞ വീട്ടു ജോലിക്കാർക്ക് വ്യവസ്ഥകൾക്കു വിധേയമായി തൊഴിൽ കരാർ നീട്ടി നൽകാമെന്ന് മാനവശേഷി മന്ത്രാലയം. വീട്ടുജോലിക്കാർ ശാരീരിക ക്ഷമതയുള്ളവരാണെന്ന് ഗവ.അംഗീകൃത സ്ഥാപനത്തിൽ നിന്ന് സാക്ഷ്യപത്രം നേടണം.
യുഎഇയിലെ അവരുടെ സർവചികിത്സാ ചെലവും തൊഴിൽ ഉടമ വഹിക്കണം. ഇവരുടെ താമസ വീസ ദീർഘിപ്പിച്ചുകൊണ്ട് അധികൃതരിൽ നിന്നുള്ള രേഖ ഹാജരാക്കണം. എന്നീ നിബന്ധനകളാണ് മന്ത്രാലയം ഇതിനായി മുന്നോട്ടു വച്ചിട്ടുള്ളത്. അർഹരായ ജോലിക്കാരെ അറുപതു കഴിഞ്ഞും നിലനിർത്തണമെന്ന് വിവിധ കോണിൽ നിന്ന് ആവശ്യങ്ങൾ ഉയർന്നിരുന്നതായി ഇവരുടെ ക്ഷേമത്തിനുള്ള മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ഖലീൽ ഖൗറി അറിയിച്ചു.
ഗാർഹിക ജോലിക്കാരുടെ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ മനുഷ്യവിഭവ ശേഷി-ഇമറാത്തി വൽക്കരണ മന്ത്രാലയം തദ്ബീർ സേവന കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഗാർഹിക ജോലിക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന ഉത്തരവാദിത്വം ഈ കേന്ദ്രങ്ങൾക്കാണ്.