പെരുമ്പാവൂർ പാറകുളത്തിൽ യുവാവ് മുങ്ങിമരിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂര്‍ പെട്ടമലയില്‍ പാറക്കുളത്തില്‍ യുവാവ് മുങ്ങിമരിച്ച സംഭവത്തില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍.കാട്ടില്‍ ഒളിച്ചിരുന്ന് ഇവര്‍ ഭയപ്പെടുത്തിയപ്പോള്‍ കാല്‍വഴുതി കുളത്തില്‍വീണാണ് യുവാവ് മരിച്ചതെന്ന് വ്യക്തമായി. അതുകൊണ്ട് തന്നെ മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിട്ടുള്ളത്.

വ്യാഴം രാത്രി ഏഴരയോടെയാണ് ദാരുണസംഭവം ഉണ്ടായത്. തങ്കളം ചിറ്റേത്തുകുടി നൗഫാനും സുഹൃത്തുക്കളും പെട്ടമലയിലെ പാറക്കുളത്തിന് സമീപത്ത് എത്തുമ്പോള്‍ പ്രതികള്‍ മൂവരും അവിടെ ഉണ്ടായിരുന്നു. മലയുടെ മുകളില്‍ പുല്‍ക്കാടിനുള്ളില്‍ മറഞ്ഞിരുന്ന പ്രതികള്‍ മലകയറി വന്ന ‍നൗഫാനെയും സുഹൃത്തുക്കളെയും ഭയപ്പെടുത്തി.

ഇരുട്ടില്‍ വിരണ്ടോടിയ സംഘത്തിലെ നൗഫാന്‍ പക്ഷെ കുളത്തില്‍ വീഴുകയായിരുന്നു.രക്ഷപെട്ടോടിയ രണ്ടുപേര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കോടനാട് പൊലീസ് നടത്തിയ അന്വേഷണത്തി‍ലാണ് മൂന്നുപേര്‍ കുടുങ്ങിയത്. കോതമംഗലം ഐരൂര്‍പ്പാടം വെള്ളാപ്പിള്ളിയില്‍ ആഷിക്, നെല്ലിക്കുഴി പുത്തന്‍പുരയ്ക്കല്‍ ഷാഹുല്‍, ഐരൂര്‍പ്പാടം തറക്കണ്ടത്തില്‍ നഹബാന്‍ എന്നിവരാണ് അറസ്റ്റിലായത്.

ആദ്യം നടത്തിയ ചോദ്യംചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചിരുന്നില്ല, വിശദമായി ചോദ്യംചെയ്തപ്പോള്‍ പിടിച്ചു നില്‍ക്കാനാകാതെ കുറ്റസമ്മതം നടത്തി. എന്നാല്‍ അപകടത്തില്‍ പെടുത്താനുള്ള ഉദ്ദേശ്യം പ്രതികള്‍ക്ക് ഉണ്ടായിരുന്നില്ല എന്നത് പരിഗണിച്ച് മനഃപൂര്‍വമല്ലാത്ത നരഹത്യക്കുള്ള കുറ്റമാണ് പൊലീസ് ചുമത്തിയിട്ടി‍ുള്ളത്. അതേസമയം അറസ്റ്റിലായവര്‍ മുന്‍പും മറ്റ് പല ക്രിമിനല്‍ കേസുകളിലും പ്രതികളായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.