മസ്കറ്റ് : റിയലക്സ് ഫുട്ബാൾ ക്ലബിന്റെ ആഭിമുഖ്യത്തിലുള്ള സെവൻ എസ് ഫുട്ബാൾ ടൂർണമെന്റിന് ഈ മാസം 29ന് അൽ ഹെയിലിൽ നടക്കും.ടൂർണമന്റിലെ മുഖ്യാതിഥിയായി മുൻ ഇന്ത്യൻ ഫുട്ബാൾ താരം ഐ.എം വിജയൻ പങ്കെടുക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇതിനോടകം ഒമാന്റെ വിവിധ ഭാഗങ്ങളിലുള്ള 16 ടീമുകൾ ടൂർണമമെന്റിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സംഘാടകർ പറഞ്ഞു.രാവിലെ ഒമ്പതിന് തുടങ്ങി രാത്രിയോടെ അവസാനിക്കുന്ന രീതിയിലാണ് ടൂർണമന്റ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ച് പ്രാഥമിക റൗണ്ട് മത്സരങ്ങൾ നടത്തും. ഓരോ ഗ്രൂപ്പിൽനിന്നും കൂടുതൽ പോയൻറ് നേടുന്ന രണ്ടു ടീമുകൾ വീതം ക്വാർട്ടറിലേക്ക് യോഗ്യത നേടും. സെമി, ഫൈനൽ മത്സരങ്ങളും അന്നേ ദിവസം നടക്കും. സമ്മാനദാന ചടങ്ങിലാണ് ഐ.എം വിജയൻ മുഖ്യാതിഥിയായി പങ്കടുക്കുക.ഫുട്ബാൾ അക്കാദമികൾ തമ്മിലുള്ള പ്രദർശന മത്സരവും അന്നേ ദിവസം നടക്കും.
പ്രവാസഭൂമിയിൽ ഫുട്ബാൾ കളിക്കാർക്കു വേദിയൊരുക്കുന്നതിനായാണ് റിയലക്സ് ട്രേഡിങ് കമ്പനിക്ക് കീഴിൽ ഫുട്ബാൾ ക്ലബ് രൂപവത്കരിച്ചത്. വരും വർഷങ്ങളിൽ ക്ലബിന്റെ പ്രവർത്തനം വിപുലമാക്കാൻ ആലോചനയുണ്ട്.കുട്ടികൾക്കായി ഫുട്ബാൾ അക്കാദമി, ജി.സി.സി തലത്തിൽ ഫുട്ബാൾ ടൂർണമന്റ് എന്നിവയാണ് ആലോചനയിലുള്ളത്.ഫൗണ്ടറും റിയലക്സ് കമ്പനി എം.ഡിയുമായ ഷാനവാസ് മജീദ്,ഫുടബോൾ കോച്ചും കോ-ഫൗണ്ടറുമായ സാം വർഗീസ്,സൺ ഇന്റർനാഷണൽ അക്ബർ, ടിം അംഗം സൈദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.