മനാമ: സംരംഭകത്വത്തിനുള്ള ബഹ്റൈൻ അവാർഡ് വിതരണത്തിന്റെ നാലാം പതിപ്പിൽ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ പങ്കെടുത്തു. ഇൗസ കൾചറൽ സെന്ററിൽ ബഹ്റൈൻ ലേബർ ഫണ്ട് (തംകീൻ) സംഘടിപ്പിച്ച അവാർഡ് വിതരണ പരിപാടിയിൽ എല്ലാ മേഖലകളിലും സംരംഭകത്വം വളർത്തിയെടുക്കുന്നതിൽ ബഹ്റൈനിന്റെ വിജയം കിരീടാവകാശി എടുത്തുപറഞ്ഞു. രാജ്യത്ത് മികച്ച വ്യാപാര, നിക്ഷേപ അന്തരീക്ഷം വളർത്തിയെടുക്കുന്നതിനുള്ള പരിശ്രമങ്ങളും അദ്ദേഹം വ്യക്തമാക്കി.
ആഭ്യന്തര സംരംഭകത്വം, സുസ്ഥിര സാമ്പത്തിക വളർച്ച എന്നിവയിൽ രാജ്യം നേട്ടം കൈവരിച്ചിട്ടുണ്ട്. സാമ്പത്തിക മുന്നേറ്റത്തിനും ആഗോള മത്സരശേഷിക്കും വഴിവെക്കുന്ന രാജ്യത്തിന്റെ തന്ത്രപ്രധാന നിലപാടുകളാണ് സംരംഭകത്വത്തിന് പ്രോത്സാഹനമാകുന്നത്. ബഹ്റൈൻ ഇക്കണോമിക് വിഷൻ 2030ഉം സംരംഭകത്വ മുന്നേറ്റത്തിന് കളമൊരുക്കുന്നുണ്ടെന്നും കിരീടാവകാശി പറഞ്ഞു. അവാർഡ് നേടിയവരെ ആദരിച്ച കിരീടാവകാശി സ്വകാര്യ മേഖലയിലെ സാമ്പത്തിക വൈവിധ്യവത്കരണത്തിന് അവാർഡ് ജേതാക്കൾ നൽകിയ സംഭാവനകളെ അഭിനന്ദിച്ചു.
അവാർഡ് ജേതാക്കൾ: മൈക്രോ എൻറർപ്രൈസസ് ഒാഫ് ദി ഇയർ അവാർഡ്- അഹ്മദ് അബ്ദുൽ ഹമീദ് അലാവദി, സ്റ്റാർട്ടപ് ഒാഫ് ദി ഇയർ അവാർഡ്- അബ്ദുല്ല ബിൻഹിൻതി, എസ്.എം.ഇ ഒാഫ് ദി ഇയർ അവാർഡ്- നഹ്ല അൽമഹ്മൂദ്, എൻറർപ്രൈസസ് ഒാഫ് ദി ഇയർ വിത് ഇൻറർനാഷനൽ ഫുട്പ്രിൻറ് അവാർഡ്- നെസർ അൽ സയ്ഇൗ, സുസ്ഥിര ബിസിനസ് അവാർഡ്- മുഹമ്മദ് അബ്ദുലാൽ, വനിത സംരംഭകത്വ അവാർഡ്- ശൈഖ ലത്വീഫ മുഹമ്മദ് ആൽ ഖലീഫ.