ഒമാനിലെ 2020 വർഷത്തെ പൊതു ബജറ്റിന് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഇൗദ് അംഗീകാരം നൽകി. നടപ്പു വർഷത്തെ പൊതുബജറ്റ് 10.7 ബില്യൺ റിയാൽ വരുമാനവും 13.2 ബില്യൺ റിയാൽ ചെലവും പ്രതീക്ഷിക്കുന്നതാണ്. ഇതനുസരിച്ച് 2.5 ബില്യൺ റിയാൽ കമ്മിയാണ് ബജറ്റിൽ കാണിക്കുന്നത് ഒമാന്റെ പ്രധാന വരുമാനം എണ്ണയായതിനാൽ ഒരു ബാരലിന് 58 ഡോളർ എന്ന നിലയിലാണ് വരുമാനം കണക്കാക്കിയിരിക്കുന്നത്. ഇതനുസരിച്ച് എണ്ണയിൽനിന്ന് 10.7 ബില്യൺ ഡോളറാണ് വരുമാനം ലഭിക്കുന്നത്.
കഴിഞ്ഞ വർഷത്തേക്കാൾ ആറു ശതമാനം വർധനയാണ് ഇൗ വർഷം എണ്ണവരുമാനത്തിൽ പ്രതീക്ഷിക്കുന്നത്. മൊത്തം 2.5 ബില്യൺ റിയാൽ കമ്മിയിൽ രണ്ടു ബില്യൺ റിയാൽ രാജ്യത്തുനിന്നും പുറത്തുനിന്നും എടുക്കുന്ന വായ്പയിലൂടെ നികത്തും.ബാക്കിവരുന്ന 500 ദശലക്ഷം റിയാൽ റിസർവ് ഫണ്ടിൽനിന്ന് കണ്ടെത്തും. കഴിഞ്ഞ വർഷത്തേക്കാൾ പൊതുചെലവ് രണ്ടു ശതമാനം വർധിച്ചിട്ടുണ്ട്. എണ്ണ ഉൽപാദനം കുറക്കാനുള്ള ഒപെക് കരാർ ഉണ്ടായിട്ടും എണ്ണയിൽനിന്നുള്ള വരുമാനം 72 ശതമാനമാണ്.
എണ്ണ ഇതര മേഖലയിൽനിന്ന് 28 ശതമാനമാണ് വരുമാനം. മുനിസിപ്പാലിറ്റിയുടെ ഫീസുകൾ ഏകീകരിച്ചതും വിവിധ മന്ത്രാലയത്തിലെ ഫീസ് ഘടനക്ക് മാറ്റം വരുത്തിയതും ഇൗ മേഖലയിൽ വരുമാനം വർധിക്കാൻ സഹായിച്ചിട്ടുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം തുടങ്ങിയ പ്രാഥമിക സാമൂഹിക സേവന മേഖലകളിലേക്കാണ് ബജറ്റിന്റെ 40 ശതമാനവും ഉപയോഗിക്കുന്നത്. 5.2 ബില്യണാണ് ഇൗ മേഖലകളിലെ മൊത്തം ചെലവ്. ശമ്പളത്തിനും മറ്റു അലവൻസുകൾക്കുമായി 6.2 ബില്യണാണ് ചെലവിടുന്നത്. മെത്തം ചെലവിന്റെ 47 ശതമാനത്തോളം വരുമിത്.