റിയാദ്: ഷങ്കൻ, അമേരിക്കൻ വിസയുള്ളവർക്ക് വേറെ വിസ കൂടാതെ സൗദി സന്ദർശിക്കാൻ അനുമതി. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. വിവിധ വിമാന കമ്പനികൾക്ക് അതോറിറ്റി ഇത് സംബന്ധിച്ച നിർദേശം നൽകിയതായും അൽഅറബിയ ചാനൽ റിപ്പോർട്ട് ചെയ്തു. ഷെങ്കൻ, അമേരിക്കൻ വിസകൾക്ക് പുറമെ ബ്രിട്ടീഷ് വിസയുമുള്ള ഏത് രാജ്യക്കാർക്കും ഈ ആനുകൂല്യം ലഭിക്കും. എന്നാൽ, രണ്ട് സുപ്രധാന നിബന്ധനകൾ പാലിക്കണം. സൗദിയിൽ തങ്ങുന്ന കാലം വരെ വിസാകാലാവധിയുണ്ടായിരിക്കണം, അതത് രാജ്യങ്ങളിൽ ഒരു തവണയെങ്കിലും പോയിരിക്കണം. അതായത് പാസ്പോർട്ടിൽ വിസ പതിച്ചതുകൊണ്ടുമാത്രം കാര്യമില്ലെന്ന് അർഥം.
കര, കടൽ, വായു തുടങ്ങിയ ഏത് മാർഗത്തിലൂടെയാണെങ്കിലും സൗദിയിലേക്ക് ഇൗ വിസക്കാർക്ക് പ്രവേശിക്കാം. അതുകൊണ്ടുതന്നെ എല്ലാ അതിർത്തി പോസ്റ്റുകൾക്കും തുറമുഖങ്ങൾക്കും എയർപോർട്ടുകൾക്കും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ സർക്കുലർ നൽകിയിട്ടുണ്ട്. ഇതോടൊപ്പം ഒരു യാത്രക്കാരനെ സൗദിയിലേക്ക് കൊണ്ടുവരാൻ നിലവിലുള്ള നിബന്ധനകൾ ഏതൊക്കെയാണോ അതെല്ലാം ഇൗ വിസയുള്ളവർക്കും ബാധകമാണെന്നും അത് വിമാന കമ്പനികൾ ശ്രദ്ധിക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു. സൗദി സന്ദർശകരുടെ എണ്ണം ഗണ്യമായി വർധിക്കാൻ അതോറിറ്റിയുടെ ഈ നിർദേശം സഹായിക്കുമെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.