മസ്കറ്റ് :ഒമാനിൽ പോസ്റ്റ് ബോക്സുകൾ ഉപയോഗിക്കുന്നവർ സബ്സ്ക്രിപ്ഷൻ പുതുക്കണമെന്ന് ഒമാൻ പോസ്റ്റ് അറിയിച്ചു. ജനുവരി 31 ആണ് സബ്സ്ക്രിപ്ഷൻ പുതുക്കാനുള്ള അവസാന തീയതി. വ്യക്തിഗത ഉപഭോക്താക്കൾക്ക് 20 റിയാലും കോർപറേറ്റുകൾക്ക് 60 റിയാലുമാണ് ഫീസ്. ഒമാന്റെ വിവിധ ഭാഗങ്ങളിലുള്ള 83 ഒമാൻ പോസ്റ്റ് ശാഖകൾ വഴിയോ https://poboxes.omanpost.om എന്ന വെബ്സൈറ്റ് മുഖേനയോ വരിസംഖ്യ അടക്കാം. തങ്ങളുടെ സേവനങ്ങൾ പരമാവധി ലഭ്യമാക്കാൻ എത്രയുംവേഗം വരിസംഖ്യ അടക്കാൻ ഒമാൻ പോസ്റ്റിന്റെ പോസ്റ്റ് ബോക്സസ് വിഭാഗം സൂപ്പർവൈസർ മാജിദ് അൽ മഅ്മരി പറഞ്ഞു. കത്തുകൾക്ക് പുറമെ ഇ-ഷോപ്പിങ്ങിനും സ്വകാര്യ പോസ്റ്റ് ബോക്സ് ഏറെ സൗകര്യപ്രദമാണ്.
ഡിജിറ്റൽ സേവനങ്ങൾ വർധിക്കുന്ന ഇക്കാലത്തും പോസ്റ്റ് ബോക്സിന് ആവശ്യക്കാർ ഏറെയുണ്ടെന്നും മാജിദ് അൽ മഅ്മരി പറഞ്ഞു. ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം ഒമാൻ പോസ്റ്റ് 4100 പോസ്റ്റ് ബോക്സുകൾ പുതുതായി സ്ഥാപിച്ചു. വരുംനാളുകളിൽ കമേഴ്സ്യൽ സെന്ററുകളിലും വ്യവസായ മേഖലകളിലും കൂടുതൽ ഒൗട്ട്ലെറ്റുകൾ തുറക്കാൻ പദ്ധതിയുണ്ട്. മാൾ ഒാഫ് മസ്കത്തിൽ മാത്രം ഇൗ മാസം അവസാനത്തോടെ 200 അധിക ബോക്സുകൾ സ്ഥാപിക്കും. പിഴയടക്കേണ്ടിവരുകയോ വരിസംഖ്യ പുതുക്കാത്തതിനാൽ പോസ്റ്റ് ബോക്സ് നഷ്ടപ്പെടുകയോ ചെയ്യുന്ന സാഹചര്യം ഒഴിവാക്കുന്നതിനുള്ള വാർഷിക ബോധവത്കരണ പരിപാടികളുടെ ഭാഗമായാണ് ഒമാൻ പോസ്റ്റിന്റെ അറിയിപ്പ്. ‘മോർ ദാൻ ജസ്റ്റ് എ ബോക്സ്’ എന്ന പേരിലുള്ള ബോധവത്കരണ കാമ്പയിനിൽ ഒമാൻ പോസ്റ്റിന്റെ വിവിധ സേവനങ്ങളും പരിചയപ്പെടുത്തുന്നുണ്ട്.