മസ്കത്ത്: സ്കൂൾ,ഓഫീസ് സ്റ്റേഷനറി ഉൽപ്പന്ന വിപണന രംഗത്ത് സൗദി അറേബ്യയിൽ രണ്ട് പതിറ്റാണ്ടിന്റെ
പ്രവർത്തി പരിചയമുള്ള അൽ മൻഹൽ സ്റ്റേഷനറി ഒമാനിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഒമാനിലെ ആദ്യ ശാഖയായ അൽ മൻഹൽ സെൻറർ മത്ര ഒമാൻ ഹൗസിന് സമീപം തിങ്കളാഴ്ച പ്രവർത്തനമാരംഭിച്ചു. ഹോൾസെയിൽ ഡിവിഷനാണിത്. മത്ര വിലായത്തിലെ രക്ഷാകർതൃ സമിതിയംഗം സാലെം ബിൻ അഹ്മദ് അൽ ഹറമി ഉദ്ഘാടനം നിർവഹിച്ചു. ഗുണമേന്മയുള്ള വൈവിധ്യമാർന്ന ഉത്പന്നങ്ങൾ വിലക്കുറവിൽ ലഭിക്കുമെന്നാണ് തങ്ങളുടെ പ്രത്യേകതയെന്ന് സ്ഥാപനാധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സ്കൂൾ ബാഗുകൾ, നോട്ട്ബുക്കുകൾ, ബാഗുകൾ, ഫയലുകൾ തുടങ്ങി സ്കൂളിലേക്കുംഓഫീസുകളിലേക്കും ആവശ്യമായ ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് മുന്നൂറ് സ്ക്വയർ മീറ്റർ വിസ്തൃതിയിലുള്ള ഷോറൂമിൽ ഒരുക്കിയിട്ടുള്ളത്. മാസ്കോ എന്ന സ്വന്തം ബ്രാൻറിൽ രണ്ടായിരത്തോളം ഉത്പന്നങ്ങളാണ് അൽ മൻഹാൽ വിപണിയിൽ എത്തിക്കുന്നത്. മറ്റ് പ്രമുഖ ബ്രാൻറുകളുടെ ഉത്പന്നങ്ങളും ലഭ്യമാണ്. ചൈനയിൽ നിന്നും ഇന്ത്യയിൽ നിന്നും നേരിട്ട് ഇറക്കുമതി ചെയ്യുന്നതിനാൽ പത്ത് മുതൽ 20 ശതമാനം വരെ വിലക്കുറവിൽ സാധനങ്ങൾ ഒമാൻ വിപണിയിൽ എത്തിക്കാൻ സാധിക്കുമെന്നും മാനേജിങ് ഡയറക്ടർ അലി തോണിക്കടവത്ത് പറഞ്ഞു. സഹോദര സ്ഥാപനമായ ഗിഫ്റ്റ് വില്ലേജിന്റെ മസ്കത്തിലെ ആദ്യ ഷോറൂം ഫെബ്രുവരി അവസാനം പ്രവർത്തനമാരംഭിക്കുകയും ചെയ്യും. വാർത്താ സമ്മേളനത്തിൽ റൂവി ഗിഫ്റ്റ് വില്ലേജ് മാനേജർ മുഹമ്മദ് മിസ്അബ്, ഇബ്രാഹീം അൽ റയാമി, മുഹമ്മദ് അൽ റയാമി, ജസിഫർ എന്നിവരും സംബന്ധിച്ചു.