ദോഹ: രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുൽ അസീസ് അല്‍താനി സ്ഥാനമേറ്റു,അമീരി ദിവാന് ചീഫ് എന്ന പദവിയില്‍ നിന്നാണ് പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയത്. 2013 ല്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി രാജ്യത്തിന്റെ ഭരണാധികാരിയായി സ്ഥാനമേറ്റത് മുതല്‍ അമീറിന്റെ ഓഫിസ് ഡയറക്ടര്‍ പദവിയിലായിരുന്നു. 2014 നവംബര്‍ 11 മുതല്ക്കാണ് അമീരി ദിവാന് ചീഫ് ആയി സ്ഥാനമേറ്റത്.രാജ്യത്തിന്റെ ഭരണനിര്‍വഹണത്തില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുമായാണ് ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുൽ അസീസ് അല്‍താനി പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്.
അമീര്‍ കിരീടാവകാശിയായിരുന്ന കാലം മുതല്ക്കേ അമീറിനൊപ്പം പ്രവര്‍ത്തിച്ചിരുന്നയാളാണ് പുതിയ പ്രധാനമന്ത്രി എന്ന പ്രത്യേകതയുമുണ്ട്. 2006 ജൂലൈ 11 മുതല്‍ കിരീടാവകാശിയായിരുന്ന ഇന്നത്തെ അമീറിന്റെ പ്രൈവറ്റ് സെക്രട്ടറി ഓഫിസിന്റെ ഡയറക്ടര്‍ ആയിരുന്നു. 2007 ജനുവരി 9 മുതല്‍ കിരീടാവകാശിയുടെ ഓഫിസ് ഡയറക്ടറായി. സ്പോര്‍ട്സ് ആന്‍ഡ് സോഷ്യല്‍ ആക്ടിവിറ്റീസ് സപ്പോര്‍ട് ഫണ്ട് (ദാം) ബോര്‍ഡ് അംഗവുമാണ്. 2002 വരെ ഖത്തര്‍ ലിക്വിഫൈഡ് ഗാസ് കമ്പനിയിലെ സേവനത്തിന് ശേഷം 2006 വരെ ഉപപ്രധാനമന്ത്രി-വിദേശകാര്യമന്ത്രിയുടെ ഓഫിസിലെ സേവനത്തിന് ശേഷമാണ് അമീരി ദിവാനിലേക്ക് എത്തിയത്.
1968ല്‍ ദോഹയില്‍ ജനനം. സ്കൂള്‍, പ്രീ യൂണിവേഴ്സിറ്റി വിദ്യാഭ്യാസം ദോഹയില്‍ പൂര്‍ത്തിയാക്കിയ ശേഷം 1993ല്‍ അമേരിക്കയില്‍ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദം.