പേരയ്ക്ക വാങ്ങി തന്നില്ല; ആറാം ക്ലാസ്സുകാരനെ സഹപാഠികൾ മർദ്ദിച്ചു കൊന്നു

യു.പി,ലക്നൗ: പേരയ്ക്ക് വാങ്ങി തന്നില്ലെന്നാരോപിച്ച് ഉത്തർപ്രദേശിൽ ആറാം ക്ലാസ്സുകാരനെ സഹപാഠികൾ ചേർന്ന് മർദ്ദിച്ച് കൊന്നു. ഉത്തർപ്രദേശിലെ ലാഖിംപൂർ ജില്ലയിലെ അമിർന​ഗർ ​ഗ്രാമത്തിലുള്ള സർക്കാർ സ്കൂളിലാണ് സംഭവം. പതിനൊന്നു വയസ്സുകാരനായ ഫർമീൻ ഖുറേശിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു.

ശനിയാഴ്ചയാണ് വിദ്യാർഥികൾ തമ്മിലുള്ള കലഹത്തിന് തുടക്കമിടുന്നത്. അന്നേദിവസം സ്കൂൾ ഇന്റർവെൽ സമയത്ത് പേരയ്ക്ക വാങ്ങാനായി പുറത്തുള്ള കടയിലേക്ക് പോയതായിരുന്നു ഫർമീൻ. ഇതിനിടെ തങ്ങൾ‌ക്കും പേരയ്ക്ക് വാങ്ങിച്ച് തരണമെന്ന് സഹപാഠികൾ ഫർമീനിനോട് ആവശ്യപ്പെട്ടു. എന്നാൽ, വിദ്യാർഥികളുടെ ആവശ്യം ഫർമീൻ തിരസ്കരിക്കുകയായിരുന്നു. ഇതിൽ പ്രകോപിതരായ വിദ്യാർഥികൾ ഫർമീനുമായി തർക്കത്തിലായി.

ഇതിന് പിന്നാലെ തിങ്കളാഴ്ച രാവിലെ ബന്ധുവിനൊപ്പം സ്കൂളിലെത്തിയ ഫർമീനിനെ മൂന്ന് പേരും ചേർന്ന് അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. വിദ്യാർഥികൾ ചേർന്ന് ഫർമീനിനെ മർദ്ദിക്കുന്നതുകണ്ട ജീവനക്കാർ മൂന്ന് പേരെയും തള്ളിമാറ്റുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. വിദ്യാർഥികളുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ഫർമീനിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു.

വിദ്യാർഥികളിൽ ഒരാൾ ഫർമീനിന്റെ ‍നെഞ്ചിൽ കയറിയിരുന്ന് മർദ്ദിച്ചതാണ് മരണകാരണമെന്ന് പിതാവ് സൈമൂർ പറഞ്ഞു. സ്കൂൾ അധ്യാപകന്റെ സാന്നിധ്യത്തിലായിരുന്നു വിദ്യാർഥികൾ തമ്മിൽ തല്ലുകൂടിയതെന്ന് ഫർമീനിന്റെ കൂടെയുണ്ടായിരുന്ന മരുകമകൻ പറഞ്ഞതായും സൈമൂർ ആരോപിച്ചു. ഫർമീനിന്റെ പിതാവിന്റെ പരാതിയിൽ 15 വയസ്സുകാരായ മൂന്ന് വിദ്യാർഥികൾക്കെതിരെ പൊലീസ് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. അതേസമയം, കൊല്ലാൻ വേണ്ടിയല്ല ഫർമീനിനെ തങ്ങൾ മർദ്ദിച്ചതെന്ന് വിദ്യാർഥികൾ പൊലീസിനോട് പറഞ്ഞു.