റൂവി : ഒമാനിൽ കെട്ടിട നിർമാണ ഉപകരണങ്ങളുടെ ഇറക്കുമതിക്ക് പുതിയ മാർഗനിർദേശങ്ങളുമായി വാണിജ്യ-വ്യവസായ മന്ത്രാലയം. കെട്ടിടങ്ങളുടെ സുരക്ഷയും നിർമാണമേന്മയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.അടുത്തിടെ ഇറക്കുമതി ചെയ്ത ഗുണനിലവാരം കുറഞ്ഞ സിമൻറ്, സ്റ്റീൽ, പെയിൻറുകൾ എന്നിവ മന്ത്രാലയം പിടിച്ചെടുത്തിരുന്നു. ഇത്തരം ഉൽപന്നങ്ങൾ രാജ്യത്തെ കെട്ടിടങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്ന് കണ്ടെത്തിയതിനാലാണ് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചത്.ഇനിമുതൽ സിമൻറ്, സ്റ്റീൽ, പെയിൻറുകൾ എന്നിവയുടെ ഇറക്കുമതിക്കാണ് പുതിയ നിർദേശങ്ങൾ ബാധകമാക്കിയത് പുതിയ നടപടിക്രമമനുസരിച്ച് വിവിധ രാജ്യങ്ങളിൽനിന്ന് ചരക്കുകപ്പലുകളെത്തുേമ്പാൾ പരിശോധനകളും ടെസ്റ്റുകളും ശക്തമാക്കുമെന്ന് മന്ത്രാലയം അധികൃതർ വ്യക്തമാക്കി. ഉൽപന്നങ്ങളുടെ ഗുണമേന്മ പൂർണമായി ഉറപ്പാക്കിയശേഷം മാത്രമാകും ഇത്തരം ഉൽപന്നങ്ങൾ മാർക്കറ്റിൽ വിതരണത്തിന് എത്തിക്കുക. പ്രാദേശിക മാർക്കറ്റിലേക്ക് ഇറക്കുമതി ചെയ്യുന്ന കെട്ടിടനിർമാണ ഉൽപന്നങ്ങളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പുവരുത്താനാണ് പുതിയ നടപടി ക്രമം. ഒന്നാംഘട്ടം എന്ന നിലയിൽ സിമൻറുൽപന്നങ്ങൾ, ഇരുമ്പ്, പെയിൻറ് എന്നിവയിലെ എല്ലാ വിഭാഗങ്ങൾക്കും നിയമം ബാധകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതനുസരിച്ച് ഇറക്കുമതിക്കാർ വർഷത്തിെലാരിക്കൽ ഇൗ ഉൽപന്നങ്ങളുടെ പരിശോധനാ റിപ്പോർട്ടുകൾ സമർപ്പിക്കണം. അതോടൊപ്പം, എല്ലാ ചരക്കുകൾക്കും കമ്പനികൾ നൽകുന്ന കൺഫേമിറ്റി സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സർട്ടിഫിക്കറ്റ് ഇല്ലാത്ത ഇറക്കുമതികൾ പരിശോധനക്കും അംഗീകൃത ലാബിൽനിന്നുള്ള ടെസ്റ്റിങ്ങിനും വിധേയമാക്കും. ടെസ്റ്റിങ് ചെലവുകൾ ഇറക്കുമതിക്കാർ വഹിക്കേണ്ടിവരുമെന്നും, ഫെബ്രുവരി ഒന്ന് മുതൽ നിയമം നടപ്പാവുമെന്ന് മന്ത്രാലയം അറിയിച്ചു.