മസ്കറ്റ് : ദുകം പ്രത്യേക സാമ്പത്തിക മേഖല അതോറിറ്റി കഴിഞ്ഞ വർഷം അവസാനം വരെ ആകർഷിച്ചത് 14 ശതകോടി ഡോളറിന്റെ നിക്ഷേപം. അതോറിറ്റിയുടെ ത്രൈമാസ മാസികയുടെ ജനുവരി പതിപ്പിൽ ചെയർമാൻ യഹ്യാ ബിൻ സഇൗദ് അൽ ജാബ്രി എഴുതിയ ലേഖനത്തിലാണ് ഇൗ കണക്കുകൾ വ്യക്തമാക്കിയത്. ആഗോള ബിസിനസ് അന്തരീക്ഷം വെല്ലുവിളികളുടെ അന്തരീക്ഷത്തിൽ നിൽക്കുന്ന ഇൗ സമയത്തും ദുകം സാമ്പത്തിക മേഖലയിൽ നിക്ഷേപം വർധിക്കുന്നത് സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്ന് ലേഖനത്തിൽ പറയുന്നു.വർധിച്ച നിക്ഷേപം അതോറിറ്റിക്ക് പുതിയ വർഷത്തിൽ മികച്ച തുടക്കമാണ് നൽകുന്നത്. ഇൗ വർഷം കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്നും ദുകമിനെ പ്രാദേശിക-ആഗോള നിക്ഷേപങ്ങളുടെ കേന്ദ്രമാക്കി മാറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ലേഖനത്തിൽ പറയുന്നു.
നിക്ഷേപം ആകർഷിക്കുന്നതിനായി ചൈന, ദക്ഷിണ കൊറിയ, ഇന്ത്യ, അമേരിക്ക തുടങ്ങിയ ഇടങ്ങളിലായി നടത്തിയ പരിപാടികളിൽ ഇത് സ്പഷ്ടമായതാണ്. വ്യാപാര-നിക്ഷേപ സഹകരണം വർധിപ്പിക്കുന്നതിനായി ഇൗ രാജ്യങ്ങളിൽ നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചകളിലും വ്യാപാര കൂട്ടായ്മകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി നടത്തിയ സെമിനാറുകളിലും ഒമാനുമായുള്ള നല്ല ബന്ധത്തിന്റെ കരുതൽ വ്യക്തമായിരുന്നു. സുൽത്താൻ ഖാബൂസ് ബിൻ സഇൗദ് നടപ്പാക്കിയ നയങ്ങളുടെ ഗുണഫലമാണിത്. നേട്ടങ്ങളുടെ നെറുകയിലാണ് പ്രത്യേക സാമ്പത്തിക മേഖല അതോറിറ്റി എട്ടാം വാർഷികം ആഘോഷിച്ചതെന്നും ചെയർമാൻ പറഞ്ഞു.