സു​ൽ​ത്താ​ൻ ഖാ​ബൂ​സിനെ അനുസ്‌മരിച്ചു യു.​എ​ൻ അ​സം​ബ്ലി

ജനീവ :സു​ൽ​ത്താ​ന്റെ ഒാ​ർ​മ​ക​ൾ​ക്ക്​ ജ​ന​റ​ൽ അ​സം​ബ്ലി ഒ​രു നി​മി​ഷം മൗ​ന​മാ​ച​രി​ച്ചുകൊണ്ടായിരുന്നു സഭ നടപടികൾക്ക് തുടക്കം കുറിച്ചത്. തുടർന്ന്
ഐക്യരാ​ഷ്​​ട്ര സ​ഭ ജ​ന​റ​ൽ അ​സം​ബ്ലി യോ​ഗം സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ബി​ൻ സ​ഇൗ​ദി​നെ അ​നു​സ്​​മ​രി​ച്ചു. സ്വ​ന്തം ജ​ന​ത​യു​ടെ​യും രാ​ജ്യ​ത്തി​ന്​ പു​റ​ത്തു​ള്ള​വ​രു​ടെ​യും സ്​​നേ​ഹ​വും ആ​ദ​ര​വും പി​ടി​ച്ചു​പ​റ്റി​യ വ്യ​ക്തി​യാ​യി​രു​ന്നു സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ എ​ന്ന്​ ച​ട​ങ്ങി​ൽ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അന്റോണിയോ ഗുട്രസ് പ​റ​ഞ്ഞു. ബ​ഹു​സ്വ​ര​ത​ക്കും രാജ്യങ്ങൾ തമ്മിലുള്ള സ​ഹ​ക​ര​ണ​ത്തി​നു​മാ​ണ്​ അ​ദ്ദേ​ഹം മു​ൻ​ഗ​ണ​ന ന​ൽ​കി​യ​ത്. നേ​തൃ​ഗു​ണ​വും പ്ര​തി​ബ​ദ്ധ​ത​യും​കൊ​ണ്ട്​ ഒ​മാ​നെ അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹ​ത്തി​ലെ സ​ജീ​വ​വും ഉ​ത്ത​ര​വാ​ദി​ത്ത​വു​മു​ള്ള അം​ഗ​മാ​ക്കി മാ​റ്റാ​ൻ സു​ൽ​ത്താ​ന്​ ക​ഴി​ഞ്ഞു. മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ളും കു​ഴ​പ്പ​ങ്ങ​ളും ഒ​മാ​നെ ബാ​ധി​ക്കാ​തി​രി​ക്കാ​നും സു​ൽ​ത്താ​ന്റെ ഭ​ര​ണ​നേ​തൃ​ത്വ​ത്തി​ന്​ കഴിഞ്ഞെന്നും അന്റോണിയോ ഗുട്രസ് പ​റ​ഞ്ഞു. സു​ൽ​ത്താ​ന്റെ ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള ന​യ​നി​ല​പാ​ടു​ക​ളു​ടെ ഫ​ല​മാ​യി ഒ​മാ​നി​ലെ സ്​​ത്രീ​ക​ളു​ടെ​യും പു​രു​ഷ​ന്മാ​രു​ടെ​യും വി​ദ്യാ​ഭ്യാ​സ​നി​ല​വാ​രം വ​ലി​യ അ​ള​വി​ൽ ഉ​യ​ർ​ന്നു. സ്​​കൂ​ളു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ, റോ​ഡു​ക​ൾ, മ​റ്റ്​ അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ഒ​മാ​ൻ ഇ​ന്ന്​ മ​റ്റേ​തൊ​രു വി​ക​സ്വ​ര രാ​ജ്യ​ത്തേ​ക്കാ​ളും മു​ന്നി​ലാ​ണ്. അ​ദ്ദേ​ഹം ലോ​ക​ത്തി​ന്​ പ​രി​ച​യ​പ്പെ​ടു​ത്തി​യ സം​ഭാ​ഷ​ണ​ത്തി​ന്റെയും പ​ര​സ്​​പ​ര​മു​ള്ള മ​ന​സ്സി​ലാ​ക്ക​ലി​ന്റെയും സ​മാ​ധാ​ന​ത്തി​ന്റെ​യു​മെ​ല്ലാം പാ​ത​ക​ൾ ഇ​ന്ന്​ ഒാ​ർ​ക്കു​ക​യും ആ​ദ​ര​വ്​ അ​ർ​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യും സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​റി​യി​ച്ചു. വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളും ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.