ഒമാനില്‍ അനധികൃത പണപ്പിരിവ്: പ്രവാസികള്‍ക്ക് മുന്നറിയിപ്പ്

മസ്‌കറ്റ് : പൊതുജനങ്ങളില്‍ നിന്നു പണം പിരിക്കുന്ന സംഘടനകള്‍ക്കും കൂട്ടായ്മകള്‍ക്കും മുന്നറിയിപ്പുമായി ഒമാന്‍ സാമൂഹിക വികസന മന്ത്രാലയം. കമ്യൂണിറ്റി ക്ലബ് അംഗങ്ങള്‍ സംഭാവന സ്വീകരിച്ച പണം എണ്ണി തിട്ടപ്പെടുത്തുന്നതും അട്ടിവയ്ക്കുന്നതും ഉള്‍പ്പടെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് അനധികൃത പണപ്പിരിവിനെതിരെ മന്ത്രാലയം രംഗത്തെത്തിയത്.

പൊതുജനങ്ങളില്‍ നിന്നു പണം പിരിക്കാന്‍ കമ്യൂണിറ്റി ക്ലബുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്നും സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. അനുമതിയില്ലാതെ ചില കമ്പനികളും സ്ഥാപനങ്ങളും സൂപ്പര്‍മാര്‍ക്കറ്റുകളും സംഭാവന പെട്ടി കൗണ്ടറുകളില്‍ സ്ഥാപിച്ചത് നിയമ വിരുദ്ധമാണ്.

അനുമതിയില്ലാതെ പണപ്പിരിവ് നടത്തിയാല്‍ ഒന്നു മുതല്‍ മൂന്നു മാസം വരെ തടവും 200 മുതല്‍ 600 റിയാല്‍ വരെ പിഴയും ലഭിക്കും. രാജ്യത്തിനു പുറത്തു നിന്നു പണം ശേഖരിക്കുകയും അയക്കുകയും ചെയ്താല്‍ മൂന്നു മാസം മുതല്‍ ഒരു വര്‍ഷം വരെ തടവും ആയിരം മുതല്‍ രണ്ടായിരം ഒമാന്‍ റിയാല്‍ വരെ പിഴയും ലഭിക്കും.

കാരുണ്യ ഫണ്ടുകള്‍, കൂപ്പണുകള്‍, കായിക മത്സരങ്ങള്‍, ടെക്സ്റ്റ്, ബേങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയവ മുഖേന സംഭാവന സ്വീകരിക്കുന്നതിന് പ്രത്യേകം അനുമതി വേണം. അല്ലാത്ത പക്ഷം നിയമ നടപടികള്‍ക്കൊപ്പം പിരിച്ച പണം കണ്ടുകെട്ടും.

എന്നാല്‍, ഒമാനില്‍ സര്‍ക്കാര്‍ അംഗീകാരമുള്ള വിദേശ കൂട്ടായ്മകള്‍ വിവിധ കമ്യൂണിറ്റി ക്ലബുകള്‍ മാത്രമാണ്. ഇന്ത്യന്‍ സോഷ്യല്‍ ക്ലബാണ് ഇന്ത്യക്കാരുടെ അംഗീകൃത കൂട്ടായ്മ. ഇവയ്ക്ക് കീഴില്‍ മലയാളികള്‍ക്ക് മാത്രമായി കേരള വിംഗ്, മലയാളം വിംഗ്, മലബാര്‍ വിംഗ് എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്.