
മസ്കറ്റ് : സുപ്രീം കമ്മറ്റി ഇന്ന് ചേർന്ന യോഗത്തിൽ ഒമാനിൽ ഗവർണറേറ്റുകൾക്കിടയിൽ യാത്രാ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചു.(31 -03 -20) കോവിഡ് സമൂഹ വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് തീരുമാനം. നാളെ മുതൽ ആയിരിക്കും ( ബുധനാഴ്ച ) യാത്രാ നിയന്ത്രണം പ്രാബല്യത്തിൽ വരുക. സ്വദേശികൾക്കും വിദേശികൾക്കും ഇത് ഒരുപോലെ ബാധകമായിരിക്കും. സർക്കാർ, സ്വകാര്യ മേഖലകളിലെ ജീവനക്കാരെ അവരുടെ ജോലിയുടെ ആവശ്യകതക്ക് അനുസരിച്ച് കടത്തി വിടും. ആംബുലൻസുകൾ, ഭക്ഷണ സാധനങ്ങൾ, എണ്ണ , ചരക്കു നീക്കം, അത്യാഹിത അടിയന്തിരാവശ്യങ്ങൾക്കുള്ള വാഹനങ്ങൾ, മിലിറ്ററി -സുരക്ഷാ വിഭാഗങ്ങളുടെ വാഹനങ്ങൾ എന്നിവക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. നിർമാണാവശ്യത്തിനുള്ള സാധനങ്ങൾ, വാണിജ്യ ഉത്പന്നങ്ങൾ, എണ്ണയിൽ നിന്നുള്ള ഉത്പന്നങ്ങൾ എന്നിവക്ക് ഒപ്പം ഇൗ മേഖലകളിലുള്ള ഉപകരണങ്ങളും ഗവർണറേറ്റുകൾക്കിടയിൽ കൊണ്ടുപോകാൻ അനുമതിയുണ്ടാകും. അസാധാരണ സാഹചര്യങ്ങളിൽ സുരക്ഷാ പോയിൻറുകളിൽ നിന്നുള്ള നിർദേശങ്ങൾക്കനുസരിച്ച് സ്വദേശികൾക്കും വിദേശികൾക്കും യാത്രാനുമതി ലഭിക്കുമെന്നും അധികൃതർ അറിയിച്ചു. സുപ്രീം കമ്മിറ്റി നിർദേശപ്രകാരമുള്ള നടപടി സ്വദേശികളും വിദേശികളും അനുസരിക്കണമെന്ന് സുൽത്താൻ സായുധസേന അറിയിച്ചു. വാഹനയാത്രികർ സ്വദേശികൾആണെകിൽ സിവിൽകാർഡും , വിദേശികളാണെകിൽ റെസിഡൻറ് കാർഡും കൈവശം വെക്കണം. മിലിട്ടറി, സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിച്ചു അവർ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും കമ്മറ്റി നിർദേശിച്ചു. യാത്രകൾ അത്യാവശ്യ സാഹചര്യത്തിൽ മാത്രം മതിയെന്നും വീടുകളിൽ തന്നെ തുടരുന്നതാണ് നല്ലതെന്നും അധികൃതരുടെ അറിയിപ്പിൽ പറയുന്നു. സുൽത്താൻ സായുധസേനക്കും റോയൽ ഒമാൻ പൊലീസിനുമായിരിക്കും നിയന്ത്രണം നടപ്പിൽ വരുത്തേണ്ട ചുമതല.
ഒമാനിലെ ഗവർണെറ്റുകൾ
ഒമാനിൽ പതിനൊന്ന് ഗവർണറുകൾ ആണ് ഉള്ളത്