മസ്കറ്റ് : സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച വ്യാജ സന്ദേശങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി ഗവൺന്റ് കമ്യൂണിക്കേഷൻ സെന്റർ (ജി.സി). ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന വാർത്തകൾ മാത്രമെ വിശ്വസിക്കാനും ഫോർവേഡ് ചെയ്യാനും പാടുള്ളൂവെന്ന് ജി.സി മുന്നറിയിപ്പ് നൽകി. സമൂഹത്തിന്റെ ഭദ്രതയെ ബാധിക്കുന്ന സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുന്നവർക്കെതിരെ കർശനമായ നിയമ നടപടിയടക്കം കൈക്കൊള്ളും. അതിനിടെ റോയൽ ആശുപത്രിയിൽ ചികിത്സയിലുള്ള മലയാളി ഡോക്ടർ മരിച്ചതായ വ്യാജ സന്ദേശം കഴിഞ്ഞ ദിവസങ്ങളിലായി മലയാളികൾക്കിടയിൽ പരക്കുകയാണ്.ഡോക്ടറുടെ ചിത്രം വെച്ചുള്ള അനുശോചന സന്ദേശമാണ് പല ഗ്രൂപ്പുകളിലും ലഭിച്ചത്. യഥാർഥത്തിൽ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഡോക്ടറുടെ നില ഞായറാഴ്ച മെച്ചപ്പെട്ടിരുന്നു. വ്യാജ വാർത്തകൾ കുറച്ചുസമയമെങ്കിലും വിശ്വസിച്ച ഡോക്ടറുടെ നാട്ടിലെ ബന്ധുക്കൾ മൃതദേഹം എങ്ങനെ നാട്ടിലെത്തിക്കുമെന്ന കാര്യത്തെ കുറിച്ച് ആലോചിച്ചു. ഇത്തരം വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ പരാതി നൽകുന്ന കാര്യം ഇവർ ആലോചിക്കുകയാണെന്നും അറിയുന്നു.
വ്യാജ വാർത്ത മുൻപ് നടപടി എടുത്തിരുന്നു
കോവിഡ്-19 രോഗവുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകൾ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ നിയമ നടപടി എടുത്തു. ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും മുൻകരുതൽ നടപടികളുടെ ഭാഗമായി തടങ്കലിലാക്കുകയും ചെയ്തതായി ഒമാൻ ഒബ്സർവർ പത്രം റിപ്പോർട്ട് ചെയ്തിരിന്നു . കേസുകൾ ബന്ധപ്പെട്ട കോടതികൾക്ക് കൈമാറുകയും ചെയ്തു, മതപരമായ മൂല്യങ്ങളെ ലംഘിക്കുകയും സാമൂഹികാന്തരീക്ഷത്തെ ബാധിക്കുകയും ചെയ്യുന്ന വാർത്തകൾ സൃഷ്ടിക്കുന്നവരും പ്രസിദ്ധീകരിക്കുന്നവരും പ്രചരിപ്പിക്കുകയും കൈവശം വെക്കുകയും ചെയ്യുന്നവർ ശിക്ഷാർഹരാണെന്നാണ് വിവര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെ പ്രതിരോധിക്കാനുള്ള നിയമം പറയുന്നത്. ഒരു മാസം മുതൽ മൂന്നുവർഷം വരെ തടവ് അല്ലെങ്കിൽ ആയിരം റിയാൽ മുതൽ മൂവായിരം റിയാൽ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയ ശിക്ഷയോ ആണ് ഇത്തരം കേസുകളിൽ ശിക്ഷയായി ലഭിക്കുക.