മസ്കറ്റ് : കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായി മത്ര വിലായത്ത് അടച്ചിട്ടിരിക്കുകയാണ്.ഇതുമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്വദേശി, വിദേശി കുടുംബങ്ങൾക്ക് ആശ്വാസ്യമായി മസ്കത്ത് നഗരസഭയുടെ നേതൃത്വത്തിൽ ഭക്ഷ്യോത്പന്നങ്ങൾ വിതരണം ചെയ്തു. റൂവിയിലെ ഹമരിയ മേഖലയിലാണ്ഞായറാഴ്ച സാധനങ്ങൾ വിതരണം ചെയ്തത്. കുടുംബമായി കഴിയുന്ന മലയാളികൾക്കും ബാച്ച്ലർ താമസക്കാർക്കും സാധനങ്ങൾ ലഭിച്ചു.നാലംഗ കുടുംബത്തിന് 1.8 ലിറ്ററിന്റെ വീതം ആറ് എണ്ണ, 18 കിലോ ബസ്മതി അരി, പത്ത് കിലോ ആട്ട, 48 ടിൻ പാല്, എട്ട് കിലോയുടെ ഇൗത്തപ്പഴ ബോക്സ്, ഒരു ബോക്സ് വെള്ളം എന്നിവയാണ് പലർക്കും ലഭിച്ചത്, ബാച്ച്ലർ താമസക്കാരോട് സാധനങ്ങൾ ഷെയർ ചെയ്ത് എടുക്കാനാണ് ആവശ്യപ്പെടുന്നത്. വലിയ ട്രക്കിലാണ് സാധനങ്ങൾ കൊണ്ടുവന്നത്. ഒരു പ്രദേശത്ത് നിർത്തിയ ശേഷം താമസ സ്ഥലങ്ങളിൽ ചെന്ന് റോഡിലേക്ക് വരാൻ നിർദേശിക്കുകയാണ് ചെയ്യുക. തുടർന്ന് റസിഡന്റ് കാർഡ് പരിശോധിച്ച ശേഷം സാധനങ്ങൾ നൽകും. സാധനങ്ങൾ നൽകിയ റൂമുകൾക്ക് മുൻ വശം മാർക്ക് ചെയ്യുകയും ചെയ്യും.