മസ്കറ്റ് : കൊറോണയുടെ പശ്ചാത്തലത്തിലുള്ള സാമ്പത്തിക പ്രയാസങ്ങൾ അലട്ടുന്ന രക്ഷകർത്താക്കൾക്ക് ചെറിയ തോതിലെങ്കിലും ആശ്വാസം നൽകുന്ന തീരുമാനവുമായി ഒമാനിലെ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ്. വിവിധ സ്കൂളുകളിൽ പ്രഖ്യാപിച്ച ഫീസ് വർധനവ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാക്കളിൽ നിന്നും പ്രതിക്ഷേധം ഉയർന്നിരുന്നു . ഈ സാഹചര്യത്തിലാണ് തൽക്കാലത്തേക്ക് ഫീസ് വർദ്ധനവ് നടപ്പാക്കില്ലെന്ന് ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അറിയിച്ചത്. ഇതോടൊപ്പം സ്കൂൾ ഫീസ് മൂന്നു മാസത്തേക്ക് പ്രതിമാസം അടക്കുന്നതിനുള്ള സംവിധാനം ഒരുക്കും.ജൂലൈ അവസാനം വരെയാണ് രണ്ട് തീരുമാനങ്ങളും പ്രാബല്ല്യത്തിലുണ്ടാവുകയെന്ന് ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് പത്രകുറിപ്പിൽ അറിയിച്ചു.
പുതിയ അധ്യയന വർഷത്തെ സ്കൂൾ പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ പുനരാരംഭിച്ചു
പുതിയ അധ്യയന വർഷത്തെ സ്കൂൾ പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്. ബോർഡിന് കീഴിലുള്ള മസ്കത്തിലെയും പരിസരങ്ങളിലെയും ഏഴ് ഇന്ത്യൻ സ്കൂളുകളിലെ പ്രവേശനത്തിനാണ് ഏകീകൃത ഓൺലൈൻ സംവിധാനമുള്ളത്.പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്ക് ഒഴികെയുള്ള പ്രവേശനത്തിന് www.indianschoolsoman.com എന്ന വെബ്സൈറ്റ് വഴി രക്ഷകർത്താക്കൾക്ക് അപേക്ഷിക്കാം. ജനുവരി – ഫെബ്രുവരി മാസങ്ങളിൽ ഓൺലൈൻ വഴി അപേക്ഷ സ്വീകരിച്ചിരുന്നു. ഈ ഘട്ടത്തിൽ അവസരം ലഭിക്കാത്തവർക്ക് ഇപ്പോൾ അപേക്ഷിക്കാൻ സാധിക്കും. ആദ്യ ഘട്ടത്തിൽ അപേക്ഷിച്ചവരെ ഉൾപ്പെടുത്തി നടത്തിയ ആദ്യഘട്ട നറുക്കെടുപ്പിൽ 3,744 വിദ്യാർഥികൾക്ക് പ്രവേശനം നൽകിയിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് പ്രവേശന നടപടികൾ ഒാൺലൈനിലായിരിക്കും പൂർത്തീകരിക്കുകയെന്ന് ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അറിയിച്ചു.അഡ്മിഷൻ നടപടികൾ സംബന്ധിച്ച് സ്കൂൾ അധികൃതർ രക്ഷകർത്താക്കളെ ബന്ധപ്പെടും. നിർദേശപ്രകാരമുള്ള രേഖകൾ സമർപ്പിച്ചും ഫീസ് അടച്ചും മറ്റ് നടപടിക്രമങ്ങൾ പാലിച്ചും പ്രവേശന നടപടികൾ പൂർത്തീകരിക്കാം. ഇന്ത്യൻ സ്കൂൾ ബോർഡിന് കീഴിലുള്ള www.isovle.net വെബ്സൈറ്റിന്റെ പ്രയോജനം ഒമാനിലെ ഇന്ത്യൻ സ്കൂളുകൾക്കും ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുകയാണ്. വെബിനാറുകൾ, ക്വസ്റ്റ്യൻ ബാങ്കുകൾ, വർക്ക്ഷീറ്റുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുത്തും. 21 ഇന്ത്യൻ സ്കൂളുകളിൽ ആയി 46000 ൽ അധികം വിദ്യാർത്ഥികൾ ആണ് ഇന്ത്യൻ സ്കൂളുകളിൽ പഠിക്കുന്നത്.