മസ്കറ്റ് : കോവിഡിനെ തുടർന്ന് യാത്ര സൗകര്യങ്ങൾക്ക് നിയന്ത്രണം ഏർപ്പടുത്തിയ സാഹചര്യത്തിൽ ടെലി ഹെൽത്ത് സേവനവുമായി കിംസ് ഒമാൻ ആശുപത്രി. വിദഗ്ധ ഡോക്ടർമാരുടെ ഒൗട്ട്പേഷ്യൻറ് സേവനങ്ങൾ ഒാൺലൈൻ ഒാഡിയോ/ വിഡിയോ പ്ലാറ്റ്ഫോം വഴി ലഭ്യമാക്കുന്ന പദ്ധതിയാണിത്. സഞ്ചാരവിലക്കിനൊപ്പം സാമൂഹിക അകലം പാലിക്കേണ്ട നിർബന്ധിത സാഹചര്യത്തിൽ കൂടിയാണ് വീടുകളിലിരുന്ന് ഡോക്ടർമാരുടെ അഭിപ്രായം തേടുന്ന പുതിയ സംവിധാനം അവതരിപ്പിച്ചതെന്ന് കിംസ് ഒമാൻ ആശുപത്രി അറിയിച്ചു. ഈ ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പതുമണി വരെയാണ് ടെലി ഹെൽത്ത് സേവനം ലഭ്യമാവുക. ടെലി ഹെൽത്ത് സേവനത്തിനായി www.kimsoman.com/telehealth എന്ന വെബ്സൈറ്റിൽ ആദ്യം പ്രവേശിക്കണം. തുടർന്ന് വ്യക്തി വിവരങ്ങൾ നൽകിയ ശേഷം സ്പെഷാലിറ്റിയും കൺസൽട്ട് ചെയ്യേണ്ട ഡോക്ടറുടെ പേരും തിരഞ്ഞെടുക്കുക. സമയം തിരഞ്ഞെടുക്കുകയാണ് അടുത്തതായി വേണ്ടത്. ശേഷം പണമടക്കണം. തുടർന്ന് നിശ്ചിത സമയത്തിനുള്ളിൽ ഡോക്ടറുടെ സേവനം ലഭ്യമാകുന്നത് സംബന്ധിച്ച ലിങ്ക് ഇ–മെയിലിലേക്ക് അയക്കുകയാണ് ചെയ്യുക.