മസ്കറ്റ് : കോവിഡ് 19 നിർണയത്തിനായി മസ്കറ്റിലെ മത്രയിൽ ഒരുക്കിയിരിക്കുന്ന പ്രത്യക പരിശോധന കേന്ദ്രങ്ങളിൽ വൈറസ് ബാധയുടെ ലക്ഷണങ്ങളുള്ളവർ മാത്രം ഇപ്പോൾ എത്തിയാൽ മതിയെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.പനി, ചുമ, ജലദോഷം, തൊണ്ടവേദന, ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവയാണ് കോവിഡിന്റെ പ്രാഥമിക ലക്ഷണങ്ങൾ. ഇൗ ലക്ഷണങ്ങൾ ഉള്ളവർക്കുള്ള പരിശോധനയും സാമ്പിൾ ശേഖരണവുമാണ് ഇപ്പോൾ നടക്കുന്നതെന്നും മറ്റുള്ളവർ എത്തേണ്ടതില്ലെന്നും ആരോഗ്യ മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.ടാക്സി സ്റ്റാൻഡിനടുത്ത് ഒമാൻ അറബ് ബാങ്കിന് മുൻവശത്തായുള്ള മത്ര ഹെൽത്ത് സെന്റർ , സബ്ലത്ത് ഒമാൻ, ജി.ടി.ഒക്കടുത്തുള്ള പാർക്കിങ് ഏരിയ തുടങ്ങി നാലിടങ്ങളിലാണ് പരിശോധന കേന്ദ്രങ്ങൾ. ഇവ രാവിലെ ഒമ്പത് മുതൽ പുലർച്ചെ ഒന്ന് വരെ പ്രവർത്തിക്കും. വെള്ളി,ശനി ദിവസങ്ങളിൽ നിരവധി വിദേശികൾ സാമ്പിളുകൾ നൽകാൻ എത്തി. ഭാഷാപരമായി ഇവരെ സഹായിക്കാൻ വിവിധ ഭാഷ അറിയാവുന്ന നിരവധി സന്നദ്ധ പ്രവർത്തകരും ഉണ്ടായിരുന്നു.