ലോക്ഡൗൺ മേയ് മൂന്ന് വരെ; ത്യാഗം സഹിച്ച ജനങ്ങളെ നമിക്കുന്നു: മോദി

ദില്ലി: രാജ്യത്ത് ലോക്ഡൗൺ മെയ് മൂന്നു വരെ നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്ഡൗണ്‍ 19 ദിവസത്തേക്കുകൂടി നീട്ടി. നിയന്ത്രണം കര്‍ശനമായി തുടരും. എല്ലാവരും സഹകരിക്കണം. കോവിഡ് പടരുമ്പോഴും രാജ്യത്തെ രക്ഷിച്ചത് ജനങ്ങളുടെ ത്യാഗമാണ്. അനുസരണയുള്ള പടയാളികളെ നമിക്കുന്നു, യുദ്ധം ഇതുവരെ ജയിച്ചു. ഭക്ഷണം, യാത്ര എന്നിങ്ങനെ ജനങ്ങള്‍ക്കുണ്ടായ പ്രയാസം മനസിലാക്കുന്നു. ഉല്‍സവങ്ങള്‍ മാതൃകാപരമായി ആഘോഷിച്ചു. മുന്‍കരുതല്‍ സഹായിച്ചു. രോഗം റിപ്പോര്‍ട്ട് ചെയ്യുംമുമ്പേ വിമാനത്താവളങ്ങളില്‍ നിരീക്ഷണം തുടങ്ങി. മറ്റു രാജ്യങ്ങള്‍ നേരിട്ട പ്രയാസങ്ങളും നടപടികളും നാം കണ്ടു. യാത്രാനിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കി. 550 രോഗികള്‍ മാത്രമുള്ളപ്പോള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ത്യയുടെ നില വികസിതരാജ്യങ്ങളെക്കാള്‍ മെച്ചം. സാമ്പത്തിക തകര്‍ച്ച ഉണ്ട്, പക്ഷേ ജീവനേക്കാള്‍ വലുതല്ല ഇത്.