കോവിഡ്​: ഒമാനിൽ കമ്പനികൾക്ക്​ വിദേശികളെ പിരിച്ചുവിടാൻ അനുമതി

മസ്​കത്ത്​ :(15-04-20) ഇന്നു നടന്ന നടന്ന സുപ്രീം കമ്മിറ്റിയുടെ യോഗം സ്വകാര്യ മേഖലയുമായി ബന്ധപ്പെട്ട നിരവധി തീരുമാനങ്ങളാണ്​ കൈകൊണ്ടത്​,അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കോവിഡി​ന്റെ പശ്ചാത്തലത്തിൽ ആവശ്യമെങ്കിൽ സ്വകാര്യ കമ്പനികൾക്ക്​ വിദേശ തൊഴിലാളികളെ പിരിച്ചുവിടാം എന്നതാണ്. വിദേശ തൊഴിലാളികളെ പിരിച്ചുവിടുന്ന പക്ഷം അവർക്കുള്ള എല്ലാ ആനുകൂല്യങ്ങളും നൽകണമെന്ന്​ സുപ്രീം കമ്മിറ്റി നിർദേശിച്ചു. പ്രതിസന്ധി ബാധിച്ച കമ്പനികൾക്ക്​ ജീവനക്കാരുമായുള്ള ധാരണയുടെ അടിസ്​ഥാനത്തിൽ മൂന്ന്​ മാസത്തേക്ക്​ ശമ്പളം കുറക്കാം. ജോലി സമയത്തിൽ കുറവ്​ വരുത്തി അതിന്​ ആനുപാതികമായി ശമ്പളം കുറക്കാനാണ്​ അനുമതി നൽകിയത്​.നിലവിൽ രാജ്യത്തിന്​ പുറത്തുള്ള വിദേശ തൊഴിലാളികളുടെ റസിഡൻറ്​ കാർഡ്​ പുതുക്കാൻ തൊഴിലുടമകൾക്ക്​ അനുമതി നൽകും. ലേബർകാർഡ്​ പുതുക്കാനുള്ള ഫീസ്​ 301 റിയാലിൽനിന്ന്​ 201 റിയാൽ ആയി കുറച്ചിട്ടുണ്ട്​. ജൂൺ അവസാനം വരെയാണ്​ ഇൗ ഇളവ്​ പ്രാബല്യത്തിൽ ഉണ്ടാവുക.ഒമാനി തൊഴിലാളികളെ പിരിച്ചുവിടാൻ പാടുള്ളതല്ല. അടഞ്ഞുകിടക്കുന്ന മേഖലകളിലെ ജീവനക്കാർക്ക്​ ശമ്പളത്തോടെയുള്ള വാർഷിക അവധി നൽകാവുന്നതാണെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.