മസ്കറ്റ് : കോവിഡ് ബാധിച്ച് റോയൽ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള രോഗികൾക്കായി പ്ലാസ്മാ ചികിത്സ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോൻവാലസന്റ് പ്ലാസ്മ എന്ന പേരിലുള്ള ഈ പ്ലാസ്മ രോഗം ഭേദമായവരിൽനിന്നാണ് ശേഖരിച്ചത്.കോവിഡ് ഭേദമായവരുടെ രക്തത്തിൽ വൈറസിനെതിരെ പ്രതിപ്രവർത്തിക്കുന്ന ആൻറിബോഡികളുടെ സാന്നിധ്യമുണ്ടാകും. ഇത് ഗുരുതരാവസ്ഥയിലുള്ള രോഗികളിൽ കുത്തിവെക്കുകവഴി ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് പ്രയോജനപ്പെടുമെന്നതാണ് പുതിയ കണ്ടത്തെൽ. അമേരിക്ക , കേരളം അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം ചികിത്സ രീതി നിലവിൽ വന്നുകഴിഞ്ഞു , ഈ സാഹചര്യത്തിൽ ആണ് ഒമാനും ഇത്തരം ചികിത്സ രീതിയിലേക്ക് ചുവടുമാറുന്നത്. സെൻട്രൽ ബ്ലഡ് ബാങ്കിന്റെ ലബോറട്ടറികളിലാണ് പ്ലാസ്മ വേർതിരിക്കൽ പ്രവർത്തനങ്ങൾ നടന്നത്.അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ച് നടന്ന നടപടിക്രമങ്ങളിൽ രോഗം ഭേദമായ നിരവധി പേർ പ്ലാസ്മ ദാനം ചെയ്യാൻ എത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സയുടെ കാര്യക്ഷമത മനസ്സിലാക്കാൻ പ്ലാസ്മ കുത്തിവെച്ച രോഗികളിൽ സൂക്ഷ്മനിരീക്ഷണം നടത്തിവരുകയാണ്. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് അൽ സഇൗദി ബുധനാഴ്ച റോയൽ ആശുപത്രി സന്ദർശിച്ചു. തീവ്രപരിചരണ വിഭാഗം, പീഡിയാട്രിക് പോസ്റ്റ് സർജറി കെയർ യൂനിറ്റ്, ലബോറട്ടറി, ഫാർമസി തുടങ്ങി വിവിധ വിഭാഗങ്ങൾ ആരോഗ്യ മന്ത്രാലയം സന്ദർശിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരെയും മന്ത്രി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. രോഗികളുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യം വരെ ഒമാനിൽ രോഗം നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.