അബുദാബി: ഇന്ത്യയിലേക്കു വിമാന സർവീസ് ആരംഭിക്കുകയാണെങ്കിൽ അടിയന്തരമായി നാട്ടിൽ എത്തേണ്ടവർക്കായിരിക്കും മുൻഗണനയെന്ന് ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ. മാറിയ സാഹചര്യത്തിൽ പലരും നാട്ടിലേക്കു പോകാൻ ആഗ്രഹിച്ച് ഇരിക്കുകയാണെന്ന് അറിയാം. പ്രവാസികളെ സ്വീകരിക്കാൻ രാജ്യം സജ്ജമാണെന്ന സർക്കാരിന്റെ അറിയിപ്പു വന്നാൽ ഉടൻ യുഎഇ അധികൃതരുമായി സഹകരിച്ച് നടപടി ഊർജിതമാക്കുമെന്നും പറഞ്ഞു. ആശങ്കപ്പെടണ്ട സാഹചര്യം ഇല്ലെന്നും സഹായത്തിന് ഇന്ത്യൻ എംബസിയും കോൺസുലേറ്റും ഒപ്പമുണ്ടെന്നും പറഞ്ഞു.
കോവിഡ് പ്രതിസന്ധി കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. രോഗബാധിതരുടെ എണ്ണം കൂടി വരികയാണ്. എങ്കിലും ലോകത്തെ ഏറ്റവും മികച്ച ആരോഗ്യ പരിചരണങ്ങളാണ് യുഎഇയിൽ ലഭ്യമാകുന്നത് എന്നതിനാൽ ആശങ്ക വേണ്ട. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് പ്രവാസികൾക്ക് ആവശ്യമായ ചികിത്സയും സുരക്ഷാ മുൻകരുതലുകളും ഉറപ്പാക്കുന്നുണ്ടെന്നും സ്ഥാനപതി അറിയിച്ചു.
http:// https://www.facebook.com/watch/?ref=external&v=582512535953912
പ്രവാസി ഇന്ത്യക്കാർക്ക് എന്തു സഹായത്തിനും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈനുകളിലൂടെ എംബസിയെ സമീപിക്കാം. ലേബർ ക്യാംപിലും മറ്റും താമസിക്കുന്നവരിൽ ആഹാരത്തിനു പ്രയാസപ്പെടുന്നവർക്ക് ഭക്ഷണവും രോഗികൾക്ക് മരുന്നും എത്തിച്ചുവരുന്നു. രോഗബാധിതർക്കു മാറി താമസിക്കാൻ ക്വാറന്റീൻ സൗകര്യവും ഒരുക്കുന്നുണ്ട്. പാചകം ചെയ്തു കഴിക്കാൻ സാധിക്കുന്നവർക്ക് വിവിധ സംഘടനകളുമായി സഹകരിച്ച് ഭക്ഷ്യോൽപന്നങ്ങളും എത്തിച്ചുവരുന്നു. വിവിധ കാരണങ്ങളാൽ മാനസിക പ്രയാസം നേരിടുന്നവർക്ക് ഡോക്ടർമാരുടെ കൂട്ടായ്മ കൗൺസിലിങ് നൽകുന്നുണ്ടെന്നും സ്ഥാനപതി വ്യക്തമാക്കി.