ഫ്രാങ്കോസ് സൂപ്പർ കപ്പിന് ഉജ്ജ്വല തുടക്കം 

ദമ്മാം: സൗദി അറേബ്യൻ കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ഫുട്ബോൾ ക്ലബായ  സൽക്കാര മലബാർ യുണൈറ്റഡ് എഫ്. സി സംഘടിപ്പിക്കുന്ന ഫുട്ബോൾ  ടൂർണമെന്റ്  ടി. എസ്. എസ്   അഡ്വെർടൈസിംഗ് -ഫ്രാങ്കോസ് സൂപ്പർ കപ്പ് -2022″  ന് ദമ്മാമിൽ ഉജ്ജ്വല തുടക്കം. മലബാർ യുണൈറ്റഡ്‌ എഫ് സിയുടെ സ്ഥാപകനും  ദമാമിലെ കാൽപന്ത് മൈതാനങ്ങളിലെ  നിറസാന്നിധ്യവുമായിരുന്ന  ഫ്രാങ്കോ ജോസിനെ ആദരിക്കുന്നതിനായാണ്‌  ഫ്രാങ്കോസ്  സൂപ്പർ കപ്പ് സംഘടിപ്പിക്കുന്നത് . ദോഹ ഗ്രൗണ്ടിൽ  ദമാം ഇന്ത്യൻ ഫുട്‍ബോൾ അസോസിയേഷൻ പ്രസിഡന്റ്‌ മുജീബ് കളത്തിൽ ടൂർണമെന്റിന്റെ  കിക്ക് ഓഫ്‌ നിർവഹിച്ചു.  സൽക്കാര ഫാമിലി റെസ്റ്റാറന്റ്  മാനേജിങ് പാർട്ണർ താജുദീൻ ഫിറോസ്  മുഖ്യാഥിതി ആയിരുന്നു. ക്ലബ് പ്രസിഡന്റ് അഫ്‌താബ്‌ സ്വാഗതവും ജനറൽ സെക്രട്ടറി പ്രേംലാൽ നന്ദിയും പറഞ്ഞു. ടൂർണമെന്റ് കമ്മിറ്റി കൺവീനർ ഫവാസ്, അംഗങ്ങളായ  സിറാജ്, ജസീം, സുനീർ, ഷനൂബ്, ആസിഫ് എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.

ഏഴ് ആഴ്ചകളിലായി നടക്കുന്ന ടൂർണമെന്റിൽ ആറു ടീമുകളാണ്  പങ്കെടുക്കുന്നത്. ലീഗ് റൗണ്ടിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന നാല് ടീമുകളാവും  സെമി ഫൈനൽ കളിക്കുക. ആറ് ടീമുകളിലായി നൂറോളം  കളിക്കാരാണ് ടൂർണമെന്റിൽ പങ്കെടുക്കുക. കോവിഡ് നിബന്ധനകൾ പരിപൂർണമായി പാലിച്ചായിരിക്കും ടൂർണമെന്റ് നടത്തുകയെന്ന് സംഘാടകർ പറഞ്ഞു. ആദ്യ ദിനം മൂന്നു കളികളാണ് നടന്നത് .മലബാർ കിങ്‌സും മലബാർ ടസ്കേഴ്സ്മായി നടന്ന മത്സരം സമനിലയിൽ കലാശിച്ചു. രണ്ടാം മത്സരത്തിൽ  മലബാർ റോയൽസിനെ എം യു എഫ് സി ഓൾഡ് ബോയ്സ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി. മൂന്നാമത്തെ മത്സരത്തിൽ മലബാർ ചാർജേഴ്സ് എതിരില്ലാത്ത ഒരു ഗോളിന് മലബാർ ടൈറ്റൻസിനെ പരാജയപ്പെടുത്തി. കോവിഡ് മഹാമാരി മൂലം നിശ്ചലമായ കാൽപന്ത് മൈതാനങ്ങൾ പുത്തനുണർവ് സമ്മാനിക്കുന്ന  ടൂർണമെന്റിനെ വളരെ ആവേശത്തോടെയാണ് കിഴക്കൻ പ്രവിശ്യയിലെ കായിക സമൂഹം ഏറ്റെടുത്തതെന്ന് സംഘാടകർ പറഞ്ഞു. ലീഗ് റൗണ്ടിലെ മത്സരങ്ങൾ വരും ആഴ്ചകളിൽ തുടരും എന്ന് ടൂർണമെന്റ് കമ്മിറ്റി കൺവീനർ ഫവാസ് അറിയിച്ചു.