മനാമ:രാജ്യത്തിൻ്റെ തനതായ പൈതൃകവും സാമൂഹിക സുരക്ഷയും നിലനിർത്തുന്നതിന് രാജ്യത്തെ മതേതര ജനാധിപത്യ ശക്തികളും പൗര സമൂഹവും ഒന്നിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി ആഹ്വാനം ചെയ്തു. ഹ്രസ്വ സന്ദർശനത്തിന് ബഹറൈനിൽ എത്തിയ അദ്ദേഹം പ്രവാസി വെൽഫെയർ സംഘടിപ്പിച്ച നേതൃ സംഗമത്തിൽ സംസാരിക്കുകയായിരുന്നു.ഒരു നിയമ നടപടിയുടെ ഭാഗമായി സംഭവിച്ച ഒന്നല്ല രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടി. എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്ന ജനാധിപത്യ വിരുദ്ധതയുടെ ഭാഗമാണത്. കേവല വിമർശനം കൊണ്ടോ സാമ്പ്രദായിക പ്രതിഷേധങ്ങളിലൂടെയോ മറികടക്കാവുന്ന ഒരു രാഷ്ട്രീയ അന്തരീക്ഷമല്ല രാജ്യത്തുള്ളത്. മനുഷ്യരെ ഭക്ഷണത്തിന്റെയും വർഗ്ഗത്തിന്റെയും പേരിൽ തട്ടുകളായി തിരിക്കുന്നത് രാജ്യം നേരിടുന്ന വലിയ രാഷ്ട്രീയ – സാമൂഹിക വിപത്തായി തിരിച്ചറിഞ്ഞുള്ള വിശാല ജനാധിപത്യ നീക്കം ഉണ്ടാകണം.കോൺഗ്രസ് ഉൾപ്പെടെ മുഴുവൻ മതേതര ജനാധിപത്യ പാർട്ടികളും പ്രാദേശിക പാർട്ടികളും ഇടതുപക്ഷവുമടക്കമുള്ള പാർട്ടികളും ഉൾപ്പെടുന്ന വിശാല രാഷ്ടീയ മുന്നേറ്റം രൂപപ്പെടണം. രാജ്യത്തെ പൗര സമൂഹത്തെയും വ്യത്യസ്ത സാമുദായിക വിഭാഗങ്ങളെയുമെല്ലാം ഈ മുന്നേറ്റത്തിൽ അണിചേർക്കാൻ കഴിയണമെന്നും അത്തരമൊരു മുന്നേറ്റത്തിൻ്റെ അടിയന്തിര സാഹചര്യമാണ് രാജ്യത്തുള്ളത് എന്നും അദ്ദേഹം പറഞ്ഞു.പോസ്റ്റ് പോൾ സഖ്യമോ തെരെഞ്ഞെടുപ്പടുക്കുമ്പോൾ രൂപപ്പെടുന്ന തട്ടിക്കൂട്ട് സഖ്യങ്ങളോ കൊണ്ട് ആസുത്രിതവും സംഹാരാത്മകവുമായി മുന്നോട്ട് പോകുന്നവരെ തോത്പിക്കാനാവില്ലെന്ന് എല്ലാവരും തിരിച്ചറിയണമെന്നും അദ്ദേഹം സൂചിപ്പിച്ചു.രാജ്യത്തിൻ്റെ ബജറ്റ് വരുമാനത്തിൻ്റെ 33 ശതമാനത്തിന് തുല്യമായ സംഖ്യ രാജ്യത്തേക്കയക്കുന്ന പ്രവാസി സമൂഹത്തിൻറെ പുനരധിവാസത്തിന് സർക്കാർ ബജറ്റുകളിൽ അവഗണന മാത്രമുണ്ടാകുന്നത് പ്രതിഷേധാർഹമാണ്. പ്രവാസികളുടെ വേനൽക്കാല അവധികളിൽ ഉണ്ടാകുന്ന അനിയന്ത്രിതമായ വിമാന നിരക്ക് വർദ്ധനവ് കുറയ്ക്കുന്നതിന് സർക്കാരുകൾ മുൻകൈ എടുക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ച നേതൃ സംഗമത്തിൽ ജനറൽ സെക്രട്ടറി സി എം. മുഹമ്മദലി സ്വാഗതവും ഇർഷാദ് കോട്ടയം നന്ദിയും പറഞ്ഞു.